നാല് റോഡുകള്‍ ചേരുന്ന ഒരു ഇന്റര്‍സെക്ഷനില്‍ റെഡ് സിഗ്നല്‍ തെറ്റിച്ച് ഒരു കാര്‍ മറ്റ് ദിശയിലുള്ള വാഹനങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്നതാണ് വീഡിയോയിലുള്ളത്.
അബുദാബി: വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ കാണിക്കരുതെന്നും കണ്ണും മനസും റോഡില്‍ തന്നെ ആയിരിക്കണമെന്നും ഓര്‍മ്മിപ്പിച്ച് അബുദാബി പൊലീസ്. റോഡില്‍ ഡ്രൈവറുടെ ജാഗ്രതക്കുറവ് കൊണ്ട് സംഭവിച്ച ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം.
നാല് റോഡുകള്‍ ചേരുന്ന ഒരു ഇന്റര്‍സെക്ഷനില്‍ റെഡ് സിഗ്നല്‍ തെറ്റിച്ച് ഒരു കാര്‍ മറ്റ് ദിശയിലുള്ള വാഹനങ്ങള്‍ക്കിടയിലേക്ക് കടന്നുവരുന്നതാണ് വീഡിയോയിലുള്ളത്. അധികം വേഗതയിലല്ലെങ്കിലും സിഗ്നല്‍ ശ്രദ്ധിക്കാതെ മൂന്നോട്ട് വന്ന് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുന്നതും വീഡിയോ ക്ലിപ്പില്‍ കാണാം.
വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് ആപ്ലിക്കേഷനുകള്‍ പരിശോധിക്കുന്നതിനും കോള്‍ ചെയ്യുന്നതിനും ഉള്‍പ്പെടെ ഒരു കാര്യത്തിനും വേണ്ടി മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ശ്രദ്ധ നഷ്ടമാവുന്നത് പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഇതിന് പുറമെ കാല്‍നട യാത്രക്കാരെയും റോഡിലെ അടയാളങ്ങളെയും മുന്നറിയിപ്പ് ബോര്‍ഡുകളെയും ശ്രദ്ധിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇവയും അനിവാര്യമാണ്.
ചുവപ്പ് സിഗ്നല്‍ തെറ്റിച്ച് വാഹനം മുന്നോട്ട് നീങ്ങിയാല്‍ 1000 ദിര്‍ഹമാണ് പിഴ. ഒപ്പം ഡ്രൈവിങ് ലൈസന്‍സില്‍ 12 ബ്ലാക് പോയിന്റുകളും ലഭിക്കും. 30 ദിവസം വരെ വാഹനം പിടിച്ചെടുത്ത് കസ്റ്റഡിയില്‍ വെയ്ക്കാനും പര്യാപ്‍തമായ നിയമലംഘനമാണിത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസത്തിന് ശേഷം വാഹനം ലേലം ചെയ്‍ത് വില്‍ക്കാനുള്ള നടപടികളും സ്വീകരിക്കും.
Read also: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
