കുവൈത്ത് സിറ്റി: കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാനുള്ള പ്രയത്‌നത്തിലാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളെപ്പോലെ തന്നെ കുവൈത്തും. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നിസ്വാര്‍ത്ഥ സേവനം നല്‍കുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് പൂര്‍ണ പിന്തുണയും പ്രചോദനവും നല്‍കി മുന്‍നിരയില്‍ തന്നെ കുവൈത്ത് ആരോഗ്യമന്ത്രിയുമുണ്ട്. വെറും മന്ത്രിയല്ല, ഡോക്ടറായ ആരോഗ്യമന്ത്രി ശൈഖ് ബാസില്‍ അല്‍ സബാഹ്. 

മന്ത്രി പദവി ഏറ്റെടുത്തതിന് ശേഷവും ആശുപത്രിയിലെത്തി അപൂര്‍വ്വ ശസ്ത്രക്രിയ നടത്തിയ അദ്ദേഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഓരോ ദിവസവും മന്ത്രി പത്രക്കുറിപ്പ് പുറത്തിറക്കും. രോഗമുക്തി നേടിയവരുടെ എണ്ണമാണ് പത്രക്കുറിപ്പില്‍ ഉള്ളത്. രോഗികളുടെ എണ്ണവും മരണസംഖ്യയും വെളിപ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം വക്താവ് ഡോ അബ്ദുല്ല അല്‍ സനദിന്റെ പത്രസമ്മേളനം വേറെയുണ്ടാകും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനങ്ങള്‍ പലപ്പോഴും മന്ത്രി തന്നെ നേരിട്ടെത്തി വിലയിരുത്തും. 

വിവിധ രാജ്യങ്ങളിലുള്ള പൗരന്‍മാരെ കുവൈത്ത് തിരിച്ചെത്തിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പ് വരുത്താനുള്ള പരിശോധനകള്‍ വിമാനത്താവളത്തില്‍ കര്‍ശനമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ വിമാനത്താവളത്തിലെത്തിയ ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയ വിനിമയം നടത്തി. തിരക്കിനിടയിലും മന്ത്രിയുടെ സ്‌നേഹാന്വേഷണങ്ങളും കരുതലും ജീവനക്കാര്‍ക്കും പ്രചോദനമായി. ഇത്തരത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി സജീവമായി പ്രവര്‍ത്തിക്കുകയാണ് മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ്.