ഷാര്‍ജ: കടലില്‍ ജെറ്റ് സ്കീയിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. വെള്ളിയാഴ്ച ഷാര്‍ജയിലെ അല്‍ മംസര്‍ ബീച്ചിലായിരുന്നു സംഭവം. 29കാരനായ ഡോക്ടറാണ് മരിച്ചത്. ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് അധികൃതര്‍ അറിയിച്ചു.

യുവാവും ഭാര്യയും ഒരുമിച്ചാണ് ജെറ്റ് സ്കീയിങ് നടത്തിയത്. കടലില്‍ വെച്ച് മറ്റൊരു ജെറ്റ് സ്കീയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പെട്ട രണ്ടാമത്തെ ജെറ്റ് സ്കീയിലുണ്ടായിരുന്ന റൈഡറും പരിക്കുകളോടെ ആശുപത്രിയിലാണ്.

വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംബന്ധിച്ച് തങ്ങള്‍ക്ക് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകരെയും ആംബുലന്‍സ്, പൊലീസ് പട്രോള്‍ സംഘങ്ങളെയും സ്ഥലത്തേക്ക് അയച്ചു. മരിച്ച യുവാവിന്റെ മൃതദേഹം ഷാര്‍ജയിലെ കുവൈത്തി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.