ഒമ്പത് മാസം വളര്‍ച്ചയുള്ള ഭ്രൂണത്തിന്റെയത്ര ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. മൂന്ന് മണിക്കൂറിനുള്ളിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളില്‍ ശ്രദ്ധേയമായ നേട്ടമാണ് ഇതിലൂടെ ഡോക്ടര്‍മാരുടെ സംഘം കൈവരിച്ചത്.

ദുബൈ: അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ 40കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 4.4 കിലോഗ്രാം ഭാരമുള്ള മുഴ. 29 സെന്റീമീറ്റര്‍ നീളമുള്ള മുഴയാണ് നീക്കം ചെയ്തത്. ദുബൈയിലെ അല്‍ തദാവി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്. മേഖലയില്‍ തന്നെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന ഏറ്റവും വലിയ ഗര്‍ഭാശയ മുഴകളിലൊന്നാണിത്.

അഞ്ച് സെന്റിമീറ്റര്‍ നീളമുള്ള മറ്റൊരു മുഴയും ഇവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗിക്ക് തുടര്‍ന്ന് ഗര്‍ഭധാരണം നടത്തുന്നതിന് തടസ്സമില്ല. ഒമ്പത് മാസം വളര്‍ച്ചയുള്ള ഭ്രൂണത്തിന്റെയത്ര ഭാരമുള്ള മുഴയാണ് നീക്കം ചെയ്തത്. മൂന്ന് മണിക്കൂറിനുള്ളിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളില്‍ ശ്രദ്ധേയമായ നേട്ടമാണ് ഇതിലൂടെ ഡോക്ടര്‍മാരുടെ സംഘം കൈവരിച്ചത്.

 250 മില്ലിലിറ്റര്‍ രക്തം മാത്രമാണ് ഈ ശസ്ത്രക്രിയയിലൂടെ രോഗിക്ക് നഷ്ടമായതെന്നും ഇത് ഇത്തരം ശസ്ത്രക്രിയകളിലെ മറ്റൊരു നേട്ടമാണെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. നീക്കം ചെയ്ത മുഴയിലെ കോശങ്ങള്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സ്ത്രീ അല്‍ തവാദി ഹോസ്പിറ്റലില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ്.