മള്ട്ടിപൊളിറ്റൻ പ്രസിദ്ധീകരിച്ച 2025 ലെ വെൽത്ത് റിപ്പോർട്ടിലാണ് നികുതി സൗഹൃദ നഗര സൂചികയിൽ ലോകത്തിലെ ഏറ്റവും നികുതി സൗഹൃദ നഗരങ്ങളിലൊന്നായി ദോഹ തിരഞ്ഞെടുക്കപ്പെട്ടത്.
ദോഹ: ഈ വർഷത്തെ ലോക നികുതി സൗഹൃദ നഗര റാങ്കിംഗിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹ. മള്ട്ടിപൊളിറ്റൻ പ്രസിദ്ധീകരിച്ച 2025 ലെ വെൽത്ത് റിപ്പോർട്ടിലാണ് നികുതി സൗഹൃദ നഗര സൂചികയിൽ ലോകത്തിലെ ഏറ്റവും നികുതി സൗഹൃദ നഗരങ്ങളിലൊന്നായി ദോഹ തിരഞ്ഞെടുക്കപ്പെട്ടത്.
ഖത്തറിൽ വ്യക്തിഗത വരുമാന നികുതിയില്ലാത്തതും സ്വത്ത് സംബന്ധിച്ച ഫീസുകൾ കുറഞ്ഞതും നിക്ഷേപകർക്കും താമസക്കാർക്കും സംരക്ഷണം നൽകുന്ന സുതാര്യമായ നിയമസംവിധാനവും ലോകത്തിലെ മികച്ച നികുതി സൗഹൃദ നഗരങ്ങളിലൊന്നായി ദോഹയെ അടയാളപ്പെടുത്തുന്നു. മികച്ച സാമ്പത്തിക പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര ഭരണം എന്നിവ ദോഹയുടെ റാങ്കിങ് മികവിന് കാരണമായി.
ജി.സി.സി നഗരമായ അബൂദബിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മറ്റ് ജി.സി.സി നഗരങ്ങളായ ദുബൈ (രണ്ട്), മനാമ (നാല്) എന്നിവയും ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. സിംഗപ്പൂരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. കുവൈറ്റ് സിറ്റി (എട്ട്), റിയാദ് (12), മസ്കറ്റ് (17) എന്നിവ ഉള്‍പ്പെടെ ആദ്യത്തെ 20 നികുതി സൗഹൃദ നഗരങ്ങളില്‍ ഏഴെണ്ണം ജി.സി.സിയിലാണ്. നിക്ഷേപ സംരക്ഷണത്തിനും ആഗോള ധനസമാഹരണത്തിനും ഏറ്റവും അനുയോജ്യമായ പ്രദേശമായി ഗൾഫ് മേഖല മാറിക്കൊണ്ടിരിക്കുകയാണ്.
വ്യക്തിഗത വരുമാന നികുതി, മൂലധന വളർച്ച, അനന്തരാവകാശം, സ്വത്ത് നികുതി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് മൾട്ടിപൊളിറ്റൻ മികച്ച നികുതി സൗഹൃദ നഗരങ്ങളുടെ സൂചിക വിലയിരുത്തുന്നത്. യാത്ര ചെയ്യാനും താമസം മാറാനും ബിസിനസുകൾ തുടങ്ങാനും ആസ്തികൾ കൈകാര്യം ചെയ്യാനുമുള്ള പ്രക്രിയകൾ ലളിതമാക്കുന്ന ഒരു ആഗോള മൈഗ്രേഷൻ പ്ലാറ്റ്ഫോമാണ് മൾട്ടിപൊളിറ്റൻ.
