Asianet News MalayalamAsianet News Malayalam

പ്രവാസികളെ വരവേല്‍ക്കാന്‍ തിരുവനന്തപുരവും; ദോഹ വിമാനം നാളെ എത്തും

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തമിഴ്നാട്ടിലെ കന്യാകുമാരി എന്നീ ജില്ലകളിൽ നിന്നുളളവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക

Doha flight will reach trivandrum
Author
Trivandrum, First Published May 9, 2020, 7:08 AM IST

തിരുവനന്തപുരം: കൊച്ചിക്കും കോഴിക്കോടിനും പിന്നാലെ പ്രവാസികളെ സ്വീകരിക്കാനുളള തയ്യാറെടുപ്പിൽ തിരുവനന്തപുരവും. നാളെ രാത്രി പത്തേമുക്കാലിനാണ് ദോഹയിൽ നിന്നുളള വിമാനം തിരുവനന്തപുരത്ത് എത്തുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തമിഴ്നാട്ടിലെ കന്യാകുമാരി എന്നീ ജില്ലകളിൽ നിന്നുളളവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക. 177പേരാണ് ദോഹയിൽ നിന്നുളള വിമാനത്തിൽ ഉളളത്. കരിപ്പൂരിൽ നിന്നുളള എയർഇന്ത്യ വിമാനം ദോഹയിലെത്തി അവിടെ നിന്നുമാണ് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കുന്നത്. 

ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. ജീവനക്കാർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകി. ഏഴ് ഹെൽപ്പ് ഡെസ്കുകൾ വഴിയാണ് യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുക. ലോഞ്ചിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അത്യാധുനിക തെർമൽ ഇമേജിംഗ് ക്യാമറ വഴി ആളുകളെ പരിശോധിക്കും. 

തിരുവനന്തപുരത്ത് ആറ് താലൂക്കുകളിലായി 17,000 പേർക്കുളള നിരീക്ഷണ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 11,000 പേർക്ക് സർക്കാർ ചെലവിൽ താമസിക്കാം. സ്വന്തം ചെലവിൽ താമസിക്കാനുളള 6000 ഹോട്ടൽ മുറികളും തയ്യാറാണ്. മറ്റ് ജില്ലകളിൽ നിന്നുളളവർക്ക് അതത് ഇടങ്ങളില്‍ നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗർഭിണികൾക്കും പ്രായമേറിയവർക്കും കുട്ടികൾക്കും വീട്ടിൽ തന്നെ നിരീക്ഷണത്തിന് അനുവാദമുണ്ട്.

Follow Us:
Download App:
  • android
  • ios