റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് 21ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസുകൾ ഈ മാസം 31 (ഞായറാഴ്ച) മുതൽ പുനരാരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് വ്യഴാഴ്ച മുതൽ ഇളവ് അനുവദിക്കുന്ന തീരുമാനത്തിന്റെ ഭാഗമാണിതും. 

ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. അതനുസരിച്ച് തന്നെ ആഭ്യന്തര വിമാനസർവീസുകളും ഘട്ടം ഘട്ടമായി പുനരാരംഭിക്കും. എന്നാൽ രാജ്യാന്തര സർവീസുകൾക്കുള്ള നിരോധനം തുടരും. സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള ആഭ്യന്തര വിമാന കമ്പനികള്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അൽഖസീം, അബഹ, തബൂക്ക്, ജിസാന്‍, ഹാഇല്‍, അൽബാഹ, നജ്‌റാന്‍ വിമാനത്താവളൾക്കിടയിലാണ് സർവീസ്. രണ്ടാഴ്ചക്കുള്ളില്‍ എല്ലാ സെക്ടറുകളിലും സർവീസാകും. ആരോഗ്യമന്ത്രാലയത്തിന്റെയും മറ്റു സർക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ കോവിഡ് വ്യാപന നിയന്ത്രണ വ്യവസ്ഥകള്‍ പാലിച്ചാണ് സർവീസ്.