ഫുജൈറ: യുഎഇയില്‍ സ്പോണ്‍സറായ വനിതയുടെയും അവരുടെ പെണ്‍മക്കളുടെയും ചിത്രങ്ങള്‍ പകര്‍ത്തി സ്വന്തം കാമുകന് കൈമാറിയ വീട്ടുജോലിക്കാരിക്കെതിരെ വിചാരണ തുടങ്ങി. ഏഷ്യക്കാരിയായ പ്രതി വീട്ടിലുള്ളവരുടെ ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പോലും രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന് പുറമെ ഇവരെ സന്ദര്‍ശിക്കാന്‍ കാമുകന്‍ സ്ഥിരമായി വീട്ടിലെത്തുകയും ചെയ്യുമായിരുന്നു.

ജോലിക്കാരിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴാണ് വീട്ടിലുള്ളവര്‍ക്ക് സംശയം തോന്നിയത്. മുറികള്‍ വൃത്തിയാക്കുമ്പോഴുള്‍പ്പെടെ എപ്പോഴും ഇവര്‍ ഫോണ്‍ കൈയില്‍ തന്നെ കരുതിയിരുന്നു. ഇടയ്ക്ക് ഒരുതവണ മറന്നുവെച്ച സമയത്ത് വീട്ടുടമസ്ഥ ഫോണെടുത്ത് പരിശോധിക്കുകയായിരുന്നു. ഫോണ്‍ ഗ്യാലറിയില്‍ തന്റെയും മകളുടെയും നിരവധി ചിത്രങ്ങള്‍ കണ്ട് അവര്‍ അമ്പരന്നു. വീട്ടില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞുള്ള മക്കളുടെ നിരവധി പോസുകളിലുള്ള ഫോട്ടോകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഫോട്ടോകളെല്ലാം തന്റെ കാമുകന് ഇവര്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തി.

തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. അനുമതിയില്ലാതെ ഫോട്ടോകള്‍ എടുത്തതിനെപ്പറ്റി ചോദിച്ചപ്പോള്‍ പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചില്ല. മറിച്ച് മൗനം പാലിക്കുകയായിരുന്നു. കാമുകനുമായുണ്ടായിരുന്ന അടുപ്പവും തന്നെ കാണാന്‍ അയാള്‍ സ്ഥിരമായി വീട്ടില്‍ എത്തിയിരുന്ന കാര്യവും അവര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. ഇതോടെ കേസ് വിധി പറയാനായി ഈ മാസം അവസാനത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.