തൊഴില്‍ രേഖകളില്‍ കര്‍ഷകനെന്ന് രേഖപ്പെടുത്തിയിരുന്ന ഒരു പ്രവാസിയെയാണ് ബുറൈമിയിലെ ഒരു ഒപ്റ്റിക്കല്‍ ഷോപ്പില്‍ ഒപ്റ്റോമെട്രിസ്റ്റായി ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. മറ്റൊരു ത്വക്ക് രോഗ ചികിത്സാ കേന്ദ്രത്തില്‍ ലേസര്‍ ടെക്നീഷ്യനായി ജോലി ചെയ്‍തിരുന്നാവട്ടെ ഗാര്‍ഹിക തൊഴിലാളിയും.
മസ്‍കത്ത്: ഒമാനില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ബുറേമി ഗവര്‍ണറേറ്റിലെ ഒരു ഒപ്റ്റിക്കല്‍ ഷോപ്പില്‍ ഒപ്‍ടോമെട്രിസ്റ്റായി ജോലി ചെയ്‍തിരുന്ന കര്‍ഷകനെ അന്വേഷണ സംഘം പിടികൂടി.
റെക്കോര്‍ഡ് നിയമ ലംഘനങ്ങളാണ് പരിശോധനാ സംഘങ്ങള്‍ കണ്ടെത്തിയതെന്ന് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‍മെന്റ്സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. മുഹ്‍സിന അല്‍ മസ്‍ലഹി പറഞ്ഞു. തൊഴില്‍ രേഖകളില്‍ കര്‍ഷകനെന്ന് രേഖപ്പെടുത്തിയിരുന്ന ഒരു പ്രവാസിയെയാണ് ബുറൈമിയിലെ ഒരു ഒപ്റ്റിക്കല്‍ ഷോപ്പില്‍ ഒപ്റ്റോമെട്രിസ്റ്റായി ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. മറ്റൊരു ത്വക്ക് രോഗ ചികിത്സാ കേന്ദ്രത്തില്‍ ലേസര്‍ ടെക്നീഷ്യനായി ജോലി ചെയ്‍തിരുന്നാവട്ടെ ഗാര്‍ഹിക തൊഴിലാളിയും. എല്ലാ നിയമ ലംഘനങ്ങളും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. നിയമപരമായ നടപടികളും ഇക്കാര്യത്തില്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഫീസുകള്‍ പരിഷ്‍കരിക്കുന്നത് ഉള്‍പ്പെടെയുള്ള ഭരണപരമായ നവീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‍മെന്റ്സ് അറിയിച്ചു. അതേസമയം തന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്താനും ഉത്തരവാദിത്ത രഹിതമായ പ്രവര്‍ത്തനങ്ങള്‍ തടയാനും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ജനങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്‍ചയും അനുവദിക്കില്ലെന്നും ഡോ. അല്‍ മസ്‍ലഹി പറഞ്ഞു.
