റിയാദ്​: ഹൗസ്​ ഡ്രൈവർ, ഹൗസ്​ മെയ്​ഡ്​ പോലുള്ള ഗാർഹിക വിസകളിൽ വരുന്നവർക്ക്​ ആദ്യ മൂന്നുമാസത്തെ പ്രൊബേഷൻ കാലത്ത്​ തന്നെ എക്​സിറ്റ്​ വിസ നേടി തിരിച്ചുപോകാം. ​90 ദിവസത്തിനുള്ളിൽ ഇഖാമ ലഭിച്ചിട്ടില്ലാത്തവരുടെ എക്​സിറ്റ്​ നടപടികൾ സൗദി പാസ്​പോർട്ട്​ വിഭാഗത്തിന്റെ (ജവാസാത്ത്​) ഓൺലൈൻ സർവീസായ ‘അബ്​ശിർ’ വഴി പൂർത്തിയാക്കാനാകുമെന്നും​ പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​ അറിയിച്ചു.

ഇങ്ങനെ ചെയ്യണമെങ്കിൽ തൊഴിലുടമക്ക്​  (സ്​പോൺസർമാർ) മേൽ ചില നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്​​. അയാളുടെ കീഴിലുള്ള ഗാർഹിക, ഗാർഹികേതര തൊഴിലാളികളൂടെ എണ്ണം 100 കവിയരുത്​. തൊഴിലാളി മരണപ്പെട്ടയാളോ ജോലിയിലില്ലാത്ത ആ​ളോ സൗദി അറേബ്യയ്​ക്ക്​ പുറത്ത്​ പോയിരിക്കുന്ന ആളോ ആവരുത്, ഓടിപ്പോയി എന്ന്​ കാണിച്ച്​ ജവാസാത്തിൽ രജിസ്​റ്റർ ചെയ്​ത്​ ‘ഹുറൂബാ’ക്കപ്പെട്ട ആളാവരുത്, തൊഴിലാളിയുടെ പേരിൽ ട്രാഫിക്​ നിയമലംഘന പിഴകളുണ്ടാവാൻ പാടില്ല, തൊഴിലാളിയുടെ ​പാസ്​പോർട്ടിന്​ രണ്ട്​ മാസമോ, അതിൽ കൂടുതലോ ദിവസം കാലാവധിയുണ്ടാണം എന്നിവയാണ്​ നിബന്ധനകൾ.

ഈ നിബന്ധനകൾ ഒത്തുവരുന്ന ഗാർഹിക തൊഴിലാളികളുടെ വിസ മാത്രമേ അവർ സൗദിയിലെത്തി മൂന്നുമാസത്തിനുള്ളിൽ അബ്​ശീർ വഴി റദ്ദാക്കി എക്​സിറ്റ്​ അടിക്കാൻ കഴിയൂ. അബ്​ശിർ പോർട്ടലിൽ പ്രവേശിച്ച്​ ‘ഖിദ്​മാത്തുൽ മക്​ഫുലീൻ’ എന്ന ഈക്കൺ അമർത്തിലായാൽ എക്സിറ്റ്​ വിസ നടപടികൾ പൂർത്തീകരിക്കാനാകും. അബ്​ശിർ മുഖേനയുള്ള സേവനങ്ങൾക്കും അവ പരിചയപ്പെടാനും മുഴുവൻ സ്വദേശികളും വിദേശികളും അബ്​ശിറിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ പാസ്​പോർട്ട്​ വകുപ്പ്​ ആവശ്യപ്പെട്ടു.