ദുബായ്: എണ്ണയെ ആശ്രയിച്ച് കഴിയാതെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ 15 വര്‍ഷത്തിനുള്ളില്‍ ഗള്‍ഫിന്‍റെ സമ്പത്ത് ഇല്ലാതാകുമെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ്. പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ചിലവുകള്‍ വെട്ടിച്ചുരുക്കാനും വ്യാപകമായി നികുതി ഏര്‍പ്പെടുത്താനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ തയ്യാറാവണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ എണ്ണയുടെ ഭാവിയും സാമ്പത്തിക സ്ഥിരതയുമെന്ന പഠനറിപ്പോര്‍ട്ടില്‍ ഐഎംഎഫ് അഭിപ്രായപ്പെട്ടു.

നിലവിലെ സാമ്പത്തിക നയങ്ങള്‍ തുടര്‍ന്നാല്‍ 15 വര്‍ഷത്തിനുള്ളില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമ്പത്ത് പൂര്‍ണമായും ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്. എണ്ണയുടെ ആവശ്യകതയിലും വിലയിലും ഉണ്ടാകുന്ന ഇടിവുമായി പൊരുത്തപ്പെടണം. ആഴത്തിലുള്ള പരിഷ്‌കാരങ്ങള്‍നടപ്പിലാക്കുകയല്ലാതെ മുന്നില്‍ വേറെ വഴികളില്ല. സര്‍ക്കാര്‍ ചിലവുകള്‍ വെട്ടിച്ചുരുക്കണമെന്നും, വ്യാപകമായി നികുതി ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ തയ്യാറാവണമെന്നും പഠനറിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര നാണ്യനിധി അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ജിസിസിയില്‍ കേവലം 0.7 ശതമാനത്തിന്‍റെ സാമ്പത്തികവളര്‍ച്ചയാണ് ഐഎംഎഫ് രേഖപ്പെടുത്തിയത്. 2018ല്‍ ഇത് 2 ശതമാനമായിരുന്നു. എണ്ണവിലത്തകര്‍ച്ചയ്ക്ക് മുമ്പ് 4 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. പുതിയ സാങ്കേതികവിദ്യകളിലൂടെ എണ്ണുല്‍പ്പാദനം കൂടുകയും വിപണിയില്‍ വിതരണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഗോള എണ്ണവിപണി അനിവാര്യമായ മാറ്റങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആശങ്കകള്‍ ശക്തമായിക്കൊണ്ടിരിക്കെ, എണ്ണയില്‍ നിന്നും പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്ക് ചുവടുമാറ്റം നടത്തുകയാണ് ലോകം. ഇത് ജിസിസി മേഖലയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് തീര്‍ത്തും വെല്ലുവിളിയാണെന്നും എണ്ണയുടെ ആവശ്യകതയിലും വിലയിലും ദീര്‍ഘകാലത്തേക്ക് ഉണ്ടാകാന്‍ പോകുന്ന ഇടിവുമായി പൊരുത്തപ്പെടണമെന്നും അന്താരാഷ്ട്രനാണ്യനിധി അഭിപ്രായപ്പെടുന്നു.

2014 100ബില്യണ്‍ ഡോളറായിരുന്ന ജിസിസി മേഖലയിലുള്ള സര്‍ക്കാരുകളുടെ സാമ്പത്തിക ബാധ്യത 2018ല്‍ 400 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. സ്ഥിതിഗതികള്‍ ഇതേരീതിയില്‍ തുടര്‍ന്നാല്‍ മേഖലയുടെ മൊത്തം ആസ്തി 2034ഓടെയോ അതിനുമുമ്പായോ പൂര്‍ണമായും ഇല്ലാതാകും. ഇത് ജിസിസിയെ കടക്കെണിയിലേക്ക് വീഴ്ത്തും. ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു സബ്‌സിഡി വെട്ടിക്കുറയ്ക്കലും വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കലും മൂല്യവര്‍ധിത നികുതിയടക്കമുള്ള നികുതിവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തലുമടക്കം സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളും പരിഷ്‌കാരങ്ങളും മിക്ക ജിസിസി രാജ്യങ്ങളിലും തുടങ്ങിക്കഴിഞ്ഞു. നിലവിലെ പരിഷ്‌കാരങ്ങള്‍ മേഖലയെ നേരായ പാതയിലൂടെയാണ് നയിക്കുന്നതെങ്കിലും പരിഷ്‌കാരങ്ങളുടെ വേഗത കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് അന്താരാഷ്ട്രനാണ്യനിധി അഭിപ്രായപ്പെട്ടിട്ടുണ്ട്.