ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നല്‍കിയ പരസ്യം ശ്രദ്ധയില്‍പെട്ട് പരിസര പ്രദേശങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് സ്റ്റോറിലെത്തിയത്.
മസ്‍കത്ത്: ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഒമാനിലെ ബര്‍കയിലായിരുന്നു സംഭവം. ഇവിടുത്തെ ഒരു ഇലക്ട്രോണിക്സ് സ്റ്റോറാണ് 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചത്. എന്നാല്‍ ജനത്തിരക്ക് നിയന്ത്രണാതീതമാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതോടെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരണങ്ങളുമായി രംഗത്തെത്തി.
ഒമാനിലെ പ്രമുഖ ദിനപ്പത്രമായ ടൈംസ് ഓഫ് ഒമാനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നല്‍കിയ പരസ്യം ശ്രദ്ധയില്‍പെട്ട് പരിസര പ്രദേശങ്ങളില്‍ നിന്ന് നിരവധിപ്പേരാണ് സ്റ്റോറിലെത്തിയത്. ആളുകളുടെ എണ്ണം പരിധിക്കപ്പുറമായപ്പോള്‍ ഒട്ടനവധിപ്പേര്‍ക്ക് അകത്ത് പ്രവേശിക്കാനാതെ കാത്തുനില്‍ക്കേണ്ടി വന്നു. എങ്ങനെയും അകത്ത് കടക്കാനുള്ള തിക്കിലും തിരക്കിലും കടയുടെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന ഗ്ലാസ് ഡോര്‍ തകരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടനവധിപ്പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തു.
ആളുകളുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിരവധി ഒമാന്‍ സ്വദേശികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെ കാര്യങ്ങള്‍ നടപ്പാക്കിയതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും പലരും കുറ്റപ്പെടുത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നല്‍കുന്ന പ്രൊമോഷണല്‍ ഓഫറുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്ന് തെക്കന്‍ അല്‍ ബാത്തിനയിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി ഡയറക്ടര്‍ മുന്‍തസെര്‍ സലാം അല്‍ ഹാരസി പറഞ്ഞു. ഇത്തരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വരാന്‍ സാധ്യതയുള്ള ജനക്കൂട്ടം സ്ഥാപന അധികൃതര്‍ മുന്‍കൂട്ടി കണ്ടിരുന്നെങ്കില്‍ അനിഷ്‍ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
