ഐറിഷ് നിയമനിർവ്വഹണ രംഗത്ത് നിരവധി ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന  'പീസ് കമ്മീഷണർ' സ്ഥാനത്തേക്ക് മാനിലെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന മലയാളി ഡോ. ജോർജ് ലെസ്ലി എത്തുന്നു.

മസ്‍കത്ത്: ഒമാനിലെ ജനകീയ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന മലയാളി ഡോ. ജോർജ് ലെസ്ലിക്ക്‌ അയർലണ്ട് സർക്കാരിന്റെ (Ireland Government) അംഗീകാരം. അയർലന്റിന്റെ ചരിത്രത്തില്‍ 'പീസ് കമ്മീഷണർ' (Peace commissioner) സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് മലയാളിയും ദീർഘകാലം ഒമാനിൽ ഡോക്ടറായി സേവനമനുഷ്‍ഠിച്ചിട്ടുള്ള വ്യക്തിയുമായ ഡോ.ജോർജ് ലെസ്ലി.

Add Asianetnews as a Preferred SourcegooglePreferred

ഐറിഷ് നിയമനിർവ്വഹണ രംഗത്ത് നിരവധി ഔദ്യോഗിക ചുമതലകൾ പീസ് കമ്മീഷണറുടെ നിയന്ത്രണത്തിലും ഉത്തരവാദിത്ത്വത്തിലുമാണ്. ഇരുപത് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്‍ത ഡോ. ജോര്‍ജ് ലെസ്ലിയുടെ നേട്ടം ഒമാനിലെ മലയാളികൾക്കും അഭിമാനമായി. ആതുര സേവന മേഖലയ്‍ക്ക് പുറമെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

സാംസ്‍കാരിക സംഘടനയായ 'മലയാളം' ഒമാൻ ചാപ്റ്ററിന്റെ സ്ഥാപകരിലൊരാളും, നിലവിൽ ചെയർമാനുമാണ്. കേരള സർക്കാരിന്റെ 'മലയാളം മിഷൻ' പദ്ധതിയുടെ ഒമാനിലെ ആദ്യ പ്രസിഡന്റുമായിരുന്നു. ഒമാനിൽ ജോലി ചെയ്‍തു വരവേ, രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് ഉപരിപഠനാർത്ഥം, അയർലണ്ടിൽ എത്തിയത് മുതൽ നിരവധി യാത്രാകുറിപ്പുകളിലൂടെ ആ രാജ്യത്തെ ലോകത്തിന് പരിചയപ്പെടുത്തി. ഐറിഷ് സംസ്‍കാരവും പാരമ്പര്യവും ചരിത്രവും വിവരിക്കുന്ന പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. കവിയും, എഴുത്തുകാരനുമായ ഡോ. ജോർജ് ലെസ്ലി തൃശുർ സ്വദേശിയാണ്.

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം, പീഡിയാട്രിക്സിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയ അദ്ദേഹം ആനുകാലികങ്ങളിൽ പതിവായി ലേഖനങ്ങളും കവിതകളും എഴുതുന്നു. ആദ്യത്തെ പുസ്തകം 2006ൽ പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ പുസ്തകമായ 'അയർലന്റ്: കാഴ്ച, സംസ്കാരം, ചരിത്രം' മാർച്ചിൽ ഒമാനിൽ വച്ച് പ്രകാശനം ചെയ്യും. 

ഒമാനെയും അവിടുത്തെ ജനങ്ങളെയും ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ലെസ്ലി ഒമാന്റെ പാരമ്പര്യത്തെയും സംസ്കാരത്തെയും കുറിച്ച് വിവരിക്കുന്ന ഡോക്യുമെന്ററിയായ,'സ്ക്രീൻ വേൾഡ്' അയർലന്റിന്റെ സഹായത്തോടെ ഒരുക്കാനുള്ള പദ്ധതിയിലാണ്.