Asianet News MalayalamAsianet News Malayalam

ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍

കൊവിഡ് പ്രതിസന്ധി കാരണം ലോകം മുഴുവന്‍ പരിഭ്രാന്തിയിലായ സമയത്ത് ഖത്തറില്‍ സഹജീവികള്‍ക്ക് സഹായമെത്തിക്കാന്‍ സജീവമായിരുന്നു ഡോ. മോഹന്‍ തോമസ്. ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ദുരിതബാധിതര്‍ക്ക് നാടണയാന്‍ സഹായവുമായും അദ്ദേഹം മുന്നിലുണ്ടായിരുന്നു. 

dr mohan thomas a keralite among 30 Pravasi Bharatiya Samman awardees
Author
Doha, First Published Jan 9, 2021, 9:36 PM IST

ദോഹ: ഖത്തറിലെ ഇ.എന്‍.ടി വിദഗ്ധനും സംരംഭകനും സാമൂഹിക സേവന രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായ മലയാളി ഡോ. മോഹന്‍ തോമസ്, കേന്ദ്ര സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‍കാരത്തിന് അര്‍ഹനായി. 35 വര്‍ഷത്തിലധികമായി ഖത്തറില്‍ പ്രവാസിയായ അദ്ദേഹം കൊച്ചി കടവന്ത്ര സ്വദേശിയാണ്.

കൊവിഡ് പ്രതിസന്ധി കാരണം ലോകം മുഴുവന്‍ പരിഭ്രാന്തിയിലായ സമയത്ത് ഖത്തറില്‍ സഹജീവികള്‍ക്ക് സഹായമെത്തിക്കാന്‍ സജീവമായിരുന്നു ഡോ. മോഹന്‍ തോമസ്. ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കാനും ദുരിതബാധിതര്‍ക്ക് നാടണയാന്‍ സഹായവുമായും അദ്ദേഹം മുന്നിലുണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ദോഹയിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സമിതില്‍ അംഗമായിരുന്ന അദ്ദേഹം ഖത്തറില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

പേള്‍ ട്രേഡിങ് സെന്റര്‍, അല്‍ ഫുര്‍സ ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ബെസ്റ്റ്കോ ട്രേഡിങ് ആന്റ് കോണ്‍ട്രാക്ടിങ്, ഹ്യുമനിസ് ഗ്രൂപ്പ്, വിവന്‍റം ഗ്രൂപ്പ്, ഡോര്‍ഗമറ്റ്, കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, പെന്റ ട്രേഡിങ് കാസില്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ് ഡോ. മോഹന്‍ തോമസ്. ദോഹയിലെ ബിര്‍ള സ്‍കൂളിന്റെ സ്ഥാപക ചെയര്‍മാനും ഡയറക്ടറുമാണ്. ദോഹയിലെ ഡോ. തോമസ് ഇ.എന്‍.ടി ക്ലിനിക്കിന്റെ ഉടമയും ഡയറക്ടറുമണ് അദ്ദേഹം.

മിഡില്‍ ഈസ്റ്റില്‍ ആദ്യമായി സീറോ മലബാര്‍ ചര്‍ച്ച് ഖത്തറില്‍ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഖത്തറില്‍ ആദ്യം സ്ഥിരതാമസാനുമതി ലഭിച്ച കുടുംബം അദ്ദേഹത്തിന്റേതാണ്. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി അംഗം, ഖത്തറിലെ ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നാണ് എം.എസ് ബിരുദം നേടിയത്. 1980ല്‍ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അര്‍ഹരായ രോഗികള്‍ക്ക് ശ്വാസനാളത്തിലും ചെവിയിലും സൌജന്യ ശസ്ത്രക്രിയ ചെയ്‍തുനല്‍കുന്ന പദ്ധതി തുടങ്ങിയത് ഡോ. മോഹന്‍ തോമസിന്റെ നേതൃത്വത്തിലായിരുന്നു. ഭാര്യ - തങ്കം, മക്കള്‍ - ടോം, ജേക്, മരിയ. മരുമക്കള്‍ - അഞ്ജു, ആരതി.

Follow Us:
Download App:
  • android
  • ios