റിയാദ്: ജിദ്ദയിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. സദറെ ആലം ചുമതലയേല്‍ക്കും. 2009 ഐ.എഫ്.സ് ബാച്ചുകാരനായ അദ്ദേഹം ബീഹാർ സ്വദേശിയാണ്. നിലവിൽ ജനീവയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഫസ്റ്റ് സെക്രട്ടറിയാണ്. ജിദ്ദയിലെ ഇപ്പോഴത്തെ കോൺസുലർ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖിന് പകരക്കാരനായാണ് സദറെ ആലം നിയമിതനാവുന്നത്. നൂർ റഹ്മാൻ ശൈഖ് നാല് വർഷത്തെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി വൈകാതെ ദില്ലിയില്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് മടങ്ങും. മുമ്പ് ഇന്ത്യൻ ഹജ്ജ് കോൺസലായിരുന്ന മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് 2016ലാണ് കോൺസൽ ജനറലായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അറിവായിട്ടില്ല. അതുകൊണ്ടുതന്നെ ഡോ. സദറെ ആലം വരുന്ന തീയതി സംബന്ധിച്ചും തീരുമാനമായിട്ടില്ല.