ദമ്മാം: തനിക്ക്‌ ലഭിച്ച ഈ പുരസ്കാരം സമൂഹത്തിന്‌ സമർപ്പിക്കുന്നതായി പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ.സിദ്ദീഖ്‌ അഹ്‍മദ് പറഞ്ഞു. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്സ്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വളർച്ചയിലും ഉയർച്ചയിലും താൻ നേടിയ മുഴുവൻ നേട്ടങ്ങൾക്ക്‌ പിന്നിലും പിന്തുണയും പ്രാർത്ഥനയുമായി കുടുംബവും സമൂഹവും അടങ്ങുന്ന ആയിരക്കണക്കിന്‌ പേരുടെ സാന്നിധ്യമുണ്ട്‌. എല്ലാവരുടേയും കൂട്ടായ അധ്വാനവും പരിശ്രമവുമാണ്‌ ഓരോ നേട്ടങ്ങൾക്ക്‌ പിന്നിലെയും വിജയത്തിന്റെ രഹസ്യം. താൻ എല്ലാത്തിനും ഒരു നിമിത്തം മാത്രമായിരുന്നു.

തന്നെ പുരസ്കാരത്തിന്‌ തെരഞ്ഞെടുത്ത ഇന്ത്യാ ഗവന്മെന്റിനും എംബസിക്കും തനിക്ക്‌ ബിസിനസ്‌ രംഗത്ത്‌ വേരുറപ്പിക്കാൻ  എല്ലാവിധ സഹായങ്ങളും ചെയ്ത‌ സൗദി ഭരണാധികാരികളോടുമുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.  രക്ഷാധികാരി ഹബീബ്‌ ഏലംകുലം , ഡോ.സിദ്ദീഖ്‌ അഹ്‍മദിന് ബൊക്കെ നൽകി സ്വീകരിച്ചു.  ദമ്മാം മീഡിയ ഫോറം ജനറൽ സെക്രട്ടറി സിറാജുദീൻ വെഞ്ഞാറമൂട്‌ സ്വാഗതം പറഞ്ഞു.  വൈസ്‌ പ്രസിഡന്റ്‌ ലുഖ്‌മാൻ വിളത്തൂർ അധ്യക്ഷത വഹിച്ചു. മീഡിയ ഫോറം ട്രഷറർ മുജീബ്‌ കളത്തിൽ നന്ദി പറഞ്ഞു.