ഗോള്‍ഡ് കോസ്റ്റ്: ബിസിനസ് ന്യൂസ് ഓസ്ട്രേലിയയുടെ ‘ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ്’ രംഗത്തെ മികച്ച യുവ സംരംഭകയ്ക്കുള്ള അവാര്‍ഡ് മലയാളിയായ ഡോ. ടാന്യ ഉണ്ണിക്ക്. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഡെര്‍മറ്റോളജിസ്റ്റും സ്കിന്‍ കാന്‍സര്‍ സ്പെഷ്യലിസ്റ്റുമായ ടാന്യ, എട്ട് മെഡിക്കല്‍ സെന്റുറുകളടങ്ങുന്ന ആംടാന്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ ഉടമയാണ്. കൂടാതെ, ബ്യൂട്ടി പാര്‍ലറും ഡെര്‍മറ്റോളജിയും സംയോജിപ്പിക്കുന്ന ‘സ്കിന്‍ ലാബ് ആന്റ് ബ്യൂട്ടി’ സെന്ററുകളും കോഴിക്കോട് സ്വദേശിയായ ടാന്യ സ്ഥാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ സ്കിന്‍ ലാബ് എന്ന കമ്പനിയുടെ സ്ഥാപകയുമാണ്. ഉഭയകക്ഷി വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്ന ഓസ്ട്രേലിയ-ഇന്ത്യ ബിസിനസ് കൗണ്‍സിലില്‍ മാനേജിങ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ വര്‍ഷം ബിസിനസ് ന്യൂസ് ഓസ്ട്രേലിയയുടെ മികച്ച 100 യുവസംരംഭകരില്‍ പതിനെട്ടാം സ്ഥാനത്തെത്തിയിരുന്നു ഡോ. ടാന്യയും ഭര്‍ത്താവ് ഡോ. അമീറും. ഒരു പതിറ്റാണ്ടുമുന്‍പ് ഓസ്ട്രേലിയയിലെത്തിയ ഈ ഡോക്ടര്‍ ദമ്പതികള്‍ അഭിമാനാര്‍ഹമായ നേട്ടമാണ് മെഡിക്കല്‍ രംഗത്തും  സംരംഭകരെന്ന നിലയിലും കൈവരിച്ചിട്ടുള്ളത്. സ്വദേശമായ കേരളത്തിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുളള ഒരുക്കത്തിലാണ് ഇവര്‍.