Asianet News MalayalamAsianet News Malayalam

പ്രവാസികളുടെ മടക്കത്തിന് കരട് പദ്ധതി തയ്യാറായി; എല്ലാ എംബസികളിലും രജിസ്ട്രേഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം

ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലായ ഐഎന്‍എസ് ജലാംശയും ഈ ദൗത്യത്തിന്റെ ഭാഗമാകും.

draft ready for the repatriation of expatriates
Author
New Delhi, First Published Apr 30, 2020, 11:53 AM IST

ദില്ലി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരട് പദ്ധതി രൂപീകരിച്ചു. തിരികെ എത്തേണ്ടവരുടെ പട്ടിക വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളാണ് രൂപീകരിക്കുന്നത്. പട്ടിക തയ്യാറാക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങും. ഗള്‍ഫ് മേഖലയിലുള്ള സാധാരണക്കാരായ കുടിയേറ്റ തൊഴിലാളികള്‍ക്കാകും തിരികെയെത്തിക്കേണ്ടവരില്‍ മുന്‍ഗണന നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കാവും പട്ടികയില്‍ രണ്ടാമത് പരിഗണന നല്‍കുക. ഇന്ത്യയിലേക്ക് എത്തുന്ന ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. അതിന് ശേഷമാണ് ഇവരെ ക്വാറന്‍റൈനില്‍ വിടണോ നേരിട്ട് ആശുപത്രിയില്‍ എത്തിക്കണോ എന്ന് തീരുമാനിക്കുന്നത്. ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വ്യോമസേനയും നാവികസേനയും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. നാവികസേനയുടെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലായ ഐഎന്‍എസ് ജലാംശയും ഈ ദൗത്യത്തിന്റെ ഭാഗമാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് 'ദി വീക്ക്' റിപ്പോര്‍ട്ട് ചെയ്തു.

സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങളും ഐസൊലേഷനുള്ള ക്രമീകരണങ്ങളും കപ്പലുകളില്‍ ഒരുക്കും. നാവിക സേനയുടെ ഒരു കപ്പില്‍ ഒരു സമയം 500 ആളുകളെ മാത്രമെ കതിരികെ എത്തിക്കൂ. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാവും പ്രവാസികളെ മടക്കി കൊണ്ടുവരുന്നത്. വ്യോമസേനയുടെ ഗ്ലോബല്‍ മാസ്റ്റര്‍ വിമാനങ്ങളും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളും ഈ ദൗത്യത്തില്‍ പങ്കുചേരും. 

അതേസമയം നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്‌ട്രേഷന്‍ വിദേശകാര്യമന്ത്രാലയം തുടങ്ങി. എംബസികള്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍. വിമാന സര്‍വ്വീസിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവാസികളുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നതിന് മടങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ എന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി കുടുംബത്തിലെ ഓരോ വ്യക്തിയും വിവരങ്ങള്‍ നല്‍കണം. കമ്പനികളിലെ ജീവനക്കാരും വ്യക്തിപരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.

യാത്രാവിമാനങ്ങള്‍ തുടങ്ങുന്ന കാര്യം പിന്നീട് അറിയിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നിയന്ത്രണങ്ങളും നിയമങ്ങളും പാലിച്ചായിരിക്കും മടക്കയാത്രയെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നു. നേരത്തേ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരും എംബസി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. 


 

Follow Us:
Download App:
  • android
  • ios