പെർഫ്യൂം ആൽക്കഹോൾ കുടിച്ചതിനെ തുടർന്നാണ് ഇരുവരും അബോധാവസ്ഥയിലായത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 33ഉം 27ഉം വയസ്സുള്ള രണ്ട് പേരെയാണ് തിരക്കേറിയ ന​ഗരത്തിലെ റോഡരികിൽ അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അമിതമായി മദ്യപിച്ച നിലയിലായിരുന്നു ഇരുവരും. 

സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച് മൈദാൻ ഹവല്ലിയിൽ രണ്ട് പേർ ചലനമറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു. തിരക്കേറിയ നടപ്പാതയാണ് മൈദാൻ ഹവല്ലിയിലുള്ളത്. ഇവിടെ പൊതു മധ്യത്തിലാണ് ഇരുവരെയും അബോധാവസ്ഥയിൽ അധികൃതർ കണ്ടെത്തിയത്. വിവരം ലഭിച്ചയുടൻ തന്നെ പോലീസ് പട്രോളിങ് സംഘം സംഭവ സ്ഥലത്തെത്തി. ഇരുവരും നിലത്ത് കിടക്കുകയായിരുന്നെന്നും ചുറ്റും കാൽനടയാത്രക്കാർ പരിഭ്രാന്തരായി നോക്കി നിൽപ്പുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. 

ഇരുവരെയും അടിയന്തിര മെഡിക്കൽ ഉദ്യോ​ഗസ്ഥരുടെ സംഘം പരിശോധിക്കുകയും അവരുടെ അവസ്ഥ വിലയിരുത്തുകയും ചെയ്തു. പെർഫ്യൂം ആല്‍ക്കഹോൾ കുടിച്ചതിനെ തുടർന്നാണ് ഇരുവരും അബോധാവസ്ഥയിലായതെന്ന് പരിശോധനയിൽ കണ്ടെത്തി. ബോധം തിരിച്ചുകിട്ടിയ ശേഷം ഇരുവരെയും ചോദ്യം ചെയ്തു. പ്രമുഖ പെർഫ്യൂം ബ്രോൻഡ് കുടിച്ചതായും ശേഷം ബോധം നഷ്ടപ്പെടുകയായിരുന്നെന്നും എങ്ങനെ റോഡിലെത്തി എന്നത് സംബന്ധിച്ച് യാതൊരു ഓർമയും ഇല്ലെന്നും ഇരുവരും ചോദ്യം ചെയ്യലിൽ പറഞ്ഞു. പരിചയമില്ലാത്ത ഒരാളിൽ നിന്നുമാണ് മദ്യം ലഭിച്ചതെന്നും ഇരുവരും അധികൃതരോട് വെളിപ്പെടുത്തി. അജ്ഞാതനായ വ്യക്തിയെ കണ്ടെത്തുന്നതിന് പരിമിതമായ വിവരങ്ങൾ മാത്രമാണ് അധികൃതർക്ക് ലഭിച്ചത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ് ഫയൽ ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം