Asianet News MalayalamAsianet News Malayalam

യുഎഇയില്‍ സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

ര്‍ജയിലെ അല്‍ താവുന്‍ ഏരിയയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ വാഹനത്തിന്റെ ഡ്രൈവറെ എട്ട് മണിക്കൂറിനകം പിടികൂടി. 

driver arrested within few hours after he ran over a woman and child in UAE
Author
Sharjah - United Arab Emirates, First Published Nov 5, 2021, 11:51 PM IST

ഷാര്‍ജ: യുഎഇയില്‍ സ്‍ത്രീയെയും കുട്ടിയെയും ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ വാഹനത്തിന്റെ ഡ്രൈവറെ എട്ട് മണിക്കൂറിനകം പിടികൂടി. ഷാര്‍ജയിലെ അല്‍ താവുന്‍ ഏരിയയിലായിരുന്നു സംഭവം. വ്യാപകമായ അന്വേഷണം നടത്തിയ ഷാര്‍ജ പൊലീസ്  പ്രവാസിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസിന്റെ ഫേസ്‍ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിദേശിയായ സ്‍ത്രീയും മകനും റോഡ് മുറിച്ചുകടക്കാനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സ്ഥലത്തുകൂടിയായിരുന്നില്ല റോഡ് ക്രോസ് ചെയ്‍തത്. ഇതിനിടെയാണ് ഇവരെ കാറിടിച്ചത്. എന്നാല്‍ അപകടമുണ്ടായെങ്കിലും ഡ്രൈവര്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. സ്‍ത്രീക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനം കണ്ടെത്തുന്നതിനായി വ്യാപക പരിശോധന തുടങ്ങുകയായിരുന്നു. ട്രാഫിക് ട്രാക്കിങ് സംവിധാനങ്ങളും സ്‍മാര്‍ട്ട് ക്യാമറകളും ഉപയോഗപ്പെടുത്തിയാണ് അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞത്. അപകട ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഡ്രൈവറെയും മണിക്കൂറുകള്‍ക്കകം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍തു.

റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് ക്രോസ് ചെയ്യാന്‍ അനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രമേ റോഡ് മുറിച്ച് കടക്കാവൂ എന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. റോഡില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും എല്ലാവരും ഉറപ്പാക്കണം. അധിക അപകടങ്ങള്‍ക്കും കാരണമാകുന്നത് അമിത വേഗതയായതിനാല്‍ ഇക്കാര്യം ഡ്രൈവര്‍മാരും ശ്രദ്ധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios