തന്റെ ജീവന്‍ അപകടത്തിലാക്കുകയും വാഹനത്തിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ 1,15,000 ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. 

അബുദാബി: റോഡില്‍ മറ്റൊരു വാഹനത്തെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തുകയും സ്വന്തം വാഹനം പിന്നിലേക്ക് ഇടിക്കുകയും ചെയ്‍ത സംഭവത്തില്‍ ഡ്രൈവര്‍ 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം. അബുദാബി അപ്പീല്‍ കോടതിയുടേതാണ് വിധി. ഇതേ കേസില്‍ നേരത്തെ ക്രിമിനല്‍ കോടതി 51,000 ദിര്‍ഹം പിഴയും ആറ് മാസം ജയില്‍ ശിക്ഷയും വിധിച്ചിരുന്നു. ഇതിന് പുറമെയാണ് 20,000 ദിര്‍ഹം നഷ്ടപരിഹാരം കൂടി നല്‍കണമെന്ന വിധി.

മെയിന്‍ റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന തന്റെ വാഹനത്തെ പ്രതി മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നെന്നും രണ്ട് തവണ വാഹനം കുറുകെയിട്ട് വഴി തടഞ്ഞുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ഒരു തവണ തന്റെ വാഹനത്തിന് മുന്നില്‍, പ്രതി തന്റെ കാര്‍ നിര്‍ത്തിയിട്ട് വഴി തടഞ്ഞ ശേഷം പിന്നീട് ബോധപൂര്‍വം വാഹനം പിന്നിലേക്ക് എടുത്ത് കാറില്‍ ഇടിക്കുകയും ചെയ്‍തു. ഇതിലൂടെ വാഹനത്തിന് നാശനഷ്ടം സംഭവിച്ചതായും പരാതിയില്‍ ആരോപിച്ചു.

തന്റെ ജീവന്‍ അപകടത്തിലാക്കുകയും വാഹനത്തിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ 1,15,000 ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. കേസ് ആദ്യം പരിഗണിച്ച വിചാരണ കോടതി പ്രതിക്ക് ആറ് മാസത്തെ തടവും ഒപ്പം പരാതിക്കാരന് 51,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു.

എന്നാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിന്നീട് സിവില്‍ കേസ് കൂടി പരാതിക്കാരന്‍ ഫയല്‍ ചെയ്‍തു. നേരത്തെ തന്നെ നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധി ഉള്ളത് കൊണ്ട് സിവില്‍ കേസ് പരിഗണിക്കരുതെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത് അംഗീകരിച്ച അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് ക്ലെയിംസ് കോടതി ആദ്യ ഘട്ടത്തില്‍ ഹര്‍ജി തള്ളി. ഇതിനെതിരെ പരാതിക്കാരന്‍ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ലഭിച്ചത്. 20,000 ദിര്‍ഹം കൂടി നഷ്ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്റെ കോടതി ചെലവുകള്‍ പ്രതി വഹിക്കണമെന്നും അപ്പീല്‍ കോടതിയുടെ ഉത്തരവില്‍ പറയുന്നു.

Read also:  സന്ദർശന വിസകളുടെ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് വരെ പുതുക്കാം; ഇന്‍ഷുറന്‍സ് നിര്‍ബന്ധം