റിയാദ്: അരാംകോ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തി സൗദി അറേബ്യ. ഇറാനിയൻ ആയുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് യെമനിലെ സൗദി സഖ്യസൈന്യം ആരോപിച്ചു. അതേസമയം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻവ്യക്തമാക്കി.

ആക്രമണത്തിനുശേഷം ഇതാദ്യമായാണ് സൗദി പ്രതികരിക്കുന്നത്. ഇറാനിയൻ ആയുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് യെമനിലെ സൗദി സഖ്യസൈന്യം ആരോപിച്ചു. ഭീരുത്വം പ്രധാനമായും ലക്ഷ്യമിടുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ ആണെന്നും സൗദി അറേബ്യയെ അല്ലെന്നും സഖ്യസൈന്യ വക്താവ് കേണല്‍ അല്‍ മല്‍ക്കി പറഞ്ഞു. 

ഡ്രോണ്‍ വിക്ഷേപിച്ചത് യമനില്‍ നിന്നല്ലെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അടുത്തദിവസം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതികൾ ഏറ്റെടുത്തെങ്കിലും ഇറാനെയാണ് അമേരിക്കയും കുറ്റപ്പെടുത്തുന്നത്. എണ്ണയുത്പാദനത്തിലെ പ്രതിസന്ധിയും ഗൾഫ് മേഖലയിലെ സംഘർഷസ്ഥിതിക്ക് ആക്കം കൂട്ടിയിരിക്കയാണ്.

എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും ഇറാൻ ഉപരോധങ്ങളിൽ വിട്ടുവീഴ്ചക്ക് അമേരിക്ക തയ്യാറായിട്ടില്ല. അതേസമയം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. ബാരലിന് 11 ഡോളറിലേറെ വര്‍ധിച്ചു. ഓഹരി വിപണിയും തകര്‍ച്ച നേരിട്ടു. 28 വര്‍ഷത്തിനിടെ ഒരുദിവസംകൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വിലവര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.