നിർത്തിയിട്ട വാഹനത്തില്‍ നിന്ന് പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം. പതിവ് പരിശോധനയ്ക്കിടെ ഒരു വാഹനം അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ പട്രോൾ ടീമിന് സംശയം തോന്നുകയായിരുന്നു. കാറിനടുത്തേക്ക് നീങ്ങിയപ്പോൾ, ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ ഗവർണറേറ്റിലെ ഒരു പ്രദേശത്ത് വാഹനത്തില്‍ നിന്ന് പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം. സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ കാർ നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. പതിവ് പരിശോധനയ്ക്കിടെ ഒരു വാഹനം അലക്ഷ്യമായി പാർക്ക് ചെയ്തിരിക്കുന്നത് കണ്ടപ്പോൾ പട്രോൾ ടീമിന് സംശയം തോന്നുകയായിരുന്നു.

ഉദ്യോഗസ്ഥർ കാറിനടുത്തേക്ക് നീങ്ങിയപ്പോൾ, ഡ്രൈവർ പെട്ടെന്ന് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന്, മുൻകരുതലിന്‍റെ ഭാഗമായി പ്രദേശം ഉടൻതന്നെ സുരക്ഷിതമാക്കുകയും കാറിനുള്ളിൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ 44 ലൈറിക്ക ഗുളികകൾ, 31 പാക്കറ്റ് സിന്തറ്റിക് കന്നാബിനോയിഡുകൾ 7 പാക്കറ്റ് മെത്താംഫെറ്റാമൈൻ, 2 പാക്കറ്റ് ലൈറിക്ക പൊടി, വിവിധ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എന്നിവ കണ്ടെത്തി. സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന് ചുമതല നൽകിയിട്ടുണ്ട്.