കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യപിച്ച് വഴിയില്‍ കിടന്നുറങ്ങിയ ഇന്ത്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വഴിയില്‍ കിടക്കുന്നയാളെ കണ്ട് പരിഭ്രാന്തരായ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ ഹവാലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ ഭീതി കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വഴിയില്‍ ഒരാള്‍ കിടക്കുന്നത് കണ്ട് ജനങ്ങള്‍ പരിഭ്രാന്തരായി. ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി. കൊറോണ വൈറസ് ബാധിതനായിരിക്കുമെന്ന ഭീതിയാല്‍ ജനങ്ങളാരും ഇയാളുടെ അടുത്തേക്ക് വന്നിരുന്നില്ല. ഹൃദയാഘാതമുണ്ടായതായിരിക്കുമോ എന്ന് ചിലര്‍ സംശയിച്ചെങ്കിലും ദൂരെ മാറിനിന്ന് വീക്ഷിക്കുക മാത്രമാണ് ജനങ്ങള്‍ ചെയ്തത്. എന്നാല്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് അമിതമായി മദ്യപിച്ച് ബോധം നഷ്ടമായതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് അധികൃതര്‍ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.