തലയിണ ആരോ എടുത്തുമാറ്റുന്നതും ശരീരത്തില്‍ സപര്‍ശിക്കുന്നതും മനസിലാക്കിയാണ് യുവതി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഉണര്‍ന്നുവെന്ന് മനസിലായതോടെ ഇയാള്‍ പുറത്തേക്ക് പോയി.

ദുബായ്: ഉറങ്ങിക്കിടക്കുകയായിരുന്ന ഫിലിപ്പൈനി യുവതിയുടെ മുറിയില്‍ കയറി ഉപദ്രവിച്ചെന്ന കുറ്റത്തിന് 26 വയസുകാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിക്രമിച്ച് കടക്കല്‍, പീഡനം, ലൈസന്‍സില്ലാതെ മദ്യപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്.

ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന 26 വയസുകാരിയാണ് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ താമസ സ്ഥലത്ത് അഞ്ച് സ്ത്രീകള്‍ക്കൊപ്പം ഇവര്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്ത് തുറന്നുകിടന്ന വാതിലിലൂടെയാണ് പാകിസ്ഥാന്‍ പൗരനായ പ്രതി അകത്ത് കടന്നത്. തലയിണ ആരോ എടുത്തുമാറ്റുന്നതും ശരീരത്തില്‍ സപര്‍ശിക്കുന്നതും മനസിലാക്കിയാണ് യുവതി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഉണര്‍ന്നുവെന്ന് മനസിലായതോടെ ഇയാള്‍ പുറത്തേക്ക് പോയി.

മുറിയില്‍ ഇരുട്ടായിരുന്നതിനാല്‍ പ്രതിയെ ഇവര്‍ വ്യക്തമായി കണ്ടില്ല. ഒപ്പമുണ്ടായിരുന്നവരെ വിളിച്ചുണര്‍ത്തിയ ശേഷം സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. താന്‍ മദ്യപിച്ചിരുന്നെന്നും ഇരുട്ടായിരുന്നതിനാല്‍ അറിയാതെ മുറിയില്‍ കയറിപ്പോയതാണെന്നും ഇയാള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചു. കേസ് ഒക്ടോബര്‍ 24ലേക്ക് കോടതി മാറ്റിവെച്ചു.