പെരുന്നാള്‍ കാലത്ത് സന്തോഷമുള്ള അന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ദുബൈ താമസകാര്യ വകുപ്പ് അറിയിച്ചു.

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന കുട്ടികളെ സ്വീകരിക്കാന്‍ നിരന്നു നില്‍ക്കുകയാണ് പ്രശസ്‍ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍. വിമാനത്തിന്റെ വാതിലില്‍ നിന്ന് കൂട്ടികളെ സ്വീകരിക്കുന്ന സലീമും സലാമയും ഉള്‍പ്പെടെയുള്ള കാര്‍ട്ടൂണ്‍ താരങ്ങള്‍ അവരെ പാസ്‍പോര്‍ട്ട് കൗണ്ടറിലേക്ക് ആനയിക്കും. അവിടെ സ്വന്തം പാസ്‍പോര്‍ട്ടുകള്‍ സ്വയം സ്റ്റാമ്പ് ചെയ്യാനുള്ള അസുലഭ അവസരവും കുട്ടികള്‍ക്കുണ്ട്.

പ്രമുഖ പ്രാദേശിക കാര്‍ട്ടൂണ്‍ പരമ്പരകളിലെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങള്‍ക്ക് പുറമെ ദുബൈ സമ്മര്‍ സര്‍പ്രൈസ് ആഘോഷങ്ങളുടെ ഭാഗ്യചിഹ്നങ്ങളായ മോദേഷ്, ഡാന എന്നിവയും കുട്ടികളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലുണ്ട്. ഇവര്‍ക്കൊപ്പം ഫോട്ടോയ്ക്കും വീഡിയോയ്ക്കും പോസ് ചെയ്യുന്നതിനൊപ്പം സമ്മാനങ്ങളും കുട്ടികള്‍ക്ക് നല്‍കും. പെരുന്നാള്‍ കാലത്ത് സന്തോഷമുള്ള അന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ദുബൈ താമസകാര്യ വകുപ്പ് അറിയിച്ചു. ഒപ്പം ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റും ദുബൈ ഇക്കണോമി ആന്റ് ടൂറിസം വകുപ്പും സംയുക്തമായി നടത്തുന്ന പ്രചരണം കൂടി ഇതിലൂടെ ലക്ഷ്യമിടുന്നു. 

ദുബൈയില്‍ തുടക്കം കുറിച്ച 29-ാമത് സമ്മര്‍ സര്‍പ്രൈസ് ആഘോഷങ്ങളുടെ കൂടി ഭാഗമാണിത്. ദുബൈയിലെത്തുന്ന കുട്ടികള്‍ക്ക് ഹൃദ്യമായ വരവേല്‍പ് ഒരുക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. ഷോപ്പിങ് ഫെസ്റ്റിവല്‍ കാലത്തും അതിന് ശേഷവും കുട്ടികള്‍ക്കുള്ള ഊഷ്മളമായ ഈ സ്വീകരണം തുടരുമെന്ന് താമസകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മുഹമ്മദ് അഹ്‍മദ് അല്‍ മറി പറഞ്ഞു. എല്ലാവരോടും ഹൃദ്യമായി പെരുമാറുന്ന പാരമ്പര്യമാണ് ദുബൈയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read also:  ചുവപ്പ് സിഗ്നല്‍ തെറ്റിച്ച വാഹനം ഇടിച്ച് സ്ത്രീ മരിച്ചു; ഡ്രൈവര്‍ 44 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player