രാജ്യത്തെ പൊലീസും രക്ഷാപ്രവര്‍ത്തകരും പാരാമെഡിക്കല്‍ സംഘവും സിവില്‍ ഡിഫന്‍സും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ന് മുതല്‍ ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥയില്‍ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന എയര്‍ലൈന്‍റെ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ അധിക സമയം കണക്കാക്കണമെന്നും കഴിവതും ദുബൈ മെട്രോ ഉപയോഗിക്കണമെന്നും അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. രാജ്യത്തെ പൊലീസും രക്ഷാപ്രവര്‍ത്തകരും പാരാമെഡിക്കല്‍ സംഘവും സിവില്‍ ഡിഫന്‍സും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also - പഠന വിസയിലെത്തുന്നവർക്ക് കുടുംബത്തെ കൊണ്ടുവരാം, പാർട്ട് ടൈം ജോലി ചെയ്യാനും അനുമതി; വ്യക്തമാക്കി അധികൃതര്‍
യുഎഇയില്‍ ഇന്ന് മുതല്‍ ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും പ്രതീക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് എട്ട് വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഞായറാഴ്ച ഉച്ച വരെ കനത്ത മഴയും ഇടിയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റ് വീശുന്നത് റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിന് കാരണമാകും. വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രത്യേക അറിയിപ്പിലാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയത്. ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി അറിയിച്ചത്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിവതും വീടുകളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. വെള്ളം നിറയുന്ന വാദികളില്‍ നിന്നും മറ്റ് അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ദേശീയ ദുരന്ത നിവാരണ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആലിപ്പഴം വീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി പാർക്ക് ചെയ്യണമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
