സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നവീകരണ  പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുഭാഗത്തുള്ള റണ്‍വേ മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. 

ദുബൈ: ഏറ്റവുമധികം അന്താരാഷ്‍ട്ര യാത്രക്കാര്‍ ആശ്രയിക്കുന്ന ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ താത്കാലികമായി അടച്ചിടാനൊരുങ്ങുന്നു. അറ്റകുറ്റപ്പണികള്‍ക്കായി മേയ് മാസം മുതല്‍‌ 45 ദിവസമായിരിക്കും റണ്‍വേ അടിച്ചിടുകയെന്ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ ചൊവ്വാഴ്‍ച അറിയിച്ചു.

സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുഭാഗത്തുള്ള റണ്‍വേ മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. വേനല്‍ കാലത്തിന് മുന്നോടിയായി വിമാന സര്‍വീസുകളുടെ എണ്ണം കുറയാന്‍ റണ്‍വേ അടച്ചിടല്‍ കാരണമാവുമെന്നാണ് സൂചന. സര്‍വീസുകള്‍ തടസപ്പെടുന്നതും കാലതാമസവും ഒഴിവാക്കാനായി ചില വിമാന സര്‍വീസുകള്‍ ദുബൈയിലെ രണ്ടാമത്തെ വിമാനത്താവളമായ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റും. 

സര്‍വീസുകളുടെ എണ്ണം കുറയ്‍ക്കുന്നതും മാറ്റം വരുത്തുന്നതും സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. വടക്കുഭാഗത്തെ റണ്‍വേയില്‍ ഇതിന് മുമ്പ് 2014ലാണ് ഇത്രയും ദൈര്‍ഘ്യമേറിയ അറ്റകുറ്റപ്പണികള്‍ നടന്നിട്ടുള്ളത്. തെക്ക് ഭാഗത്തെ റണ്‍വേ 2019ല്‍ സമാനമായ തരത്തില്‍ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു.