ദുബായ്: യുഎഇയില്‍ സ്കൂള്‍ അവധിക്കാലം തുടങ്ങാനിരിക്കെ വിമാന യാത്രക്കാരുടെ തിരക്കേറുന്നത് പരിഗണിച്ച് യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍. സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായി നേരത്തെ വിമാനത്താവളങ്ങളില്‍ എത്തിച്ചേരണം. 

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായ് വഴി വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ പത്ത് ലക്ഷത്തിലധികം യാത്രക്കാരാണ് സഞ്ചരിക്കുന്നത്. വിമാനക്കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച് യാത്ര സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുംമുന്‍പ് ടെര്‍മിനല്‍ ഏതാണെന്ന് ഉറപ്പുവരുത്തണം. വിമാനങ്ങളുടെ തല്‍സ്ഥിതി വെബ്‍സൈറ്റുകള്‍ വഴി പരിശോധിക്കാം.  ചെക്ക് ഇന്‍ ചെയ്യാനായി മൂന്ന് മണിക്കൂറെങ്കിലും നേരത്തെ വിമാനത്തിലെത്തണം. അവധിക്കാലത്ത് വഴിയിലെ തിരക്ക് കൂടി പരിഗണിച്ച് വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം ക്രമീകരിക്കണമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

വിമാനക്കമ്പനികള്‍ നിഷ്കര്‍ശിക്കുന്ന ലഗേജ് ഭാരപരിധി പാലിക്കണം. ബാഗേജ് പരിധി എത്രയാണെങ്കിലും 32 കിലോഗ്രാമിന് മുകളില്‍ ഭാരമുള്ള ഒറ്റ യൂണിറ്റ് ലഗേജ് വിമാനത്താവളത്തില്‍ സ്വീകരിക്കില്ല. തിരക്ക് കുറയ്ക്കാന്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യവും ബാഗ് ഡ്രോപ്പ് കൗണ്ടറുകളും ഉപയോഗപ്പെടുത്താം.