ദുബൈ: മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാതെ രാജ്യത്തെത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ വിദേശികളുടെ മടക്കയാത്രാ ചെലവ് അതത് വിമാന കമ്പനികള്‍ വഹിക്കണമെന്ന് ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍. ഒക്ടോബര്‍ 15നാണ് ഇത് സംബന്ധിച്ച് സര്‍ക്കലുര്‍ ദുബൈ വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയത്. 

പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാതെ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിരവധി പേര്‍ ദുബൈ വിമാനത്താവളത്തിലെത്തിയിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഇത്തരത്തില്‍ യാത്രക്കാര്‍ പ്രവേശന അനുമതി ലഭിക്കാതെ വിമാനത്താവളത്തില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് അധികൃതര്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

മടക്കയാത്രയ്ക്കുള്ള ടിക്കറ്റില്ലാതെ സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ ദുബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രവേശന അനുമതി നല്‍കില്ലെന്നും ഇങ്ങനെയെത്തുന്നവരെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കുന്നതിനുള്ള ചെലവ് വിമാന കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 

വിമാനത്താവളത്തില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗം പേരും ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരാണ്. മടക്കയാത്രാ ടിക്കറ്റില്ലാതെ കുടുങ്ങിയവരില്‍ ഏകദേശം 300ഓളം യാത്രക്കാര്‍ തിരികെ നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യയിലെയും പാകിസ്ഥാനിലെയും നയതന്ത്ര ദൗത്യവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. 

ഇന്ത്യയില്‍ നിന്ന് ഏകദേശം 200ഓളം പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. 140 മുതല്‍ 150 വരെ യാത്രക്കാരെ തിരികെ ഇന്ത്യയിലെത്തിക്കാനായെന്നും 45ഓളം പേര്‍ക്ക് നടപടികള്‍ പൂര്‍ത്തായാക്കി യുഎഇയിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചെന്നും നീരജ് അഗര്‍വാള്‍(കോണ്‍സുല്‍ ഫോര്‍ പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍) പറഞ്ഞു. എയര്‍ വിസ്താര, ഗോ എയര്‍ എന്നീ വിമാനങ്ങളിലാണ് ഇവരില്‍ ഭൂരിഭാഗം പേരും എത്തിയത്. ചിലര്‍ ഫ്‌ലൈദുബൈ, എമിറേറ്റ്‌സ് എയര്‍ലൈന്‍ എന്നിവ വഴി ദുബൈയിലെത്തുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇതിന്‍റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസും ഇന്റിഗോയും യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.  സാധുതയുള്ള മടക്കയാത്രാ ടിക്കറ്റില്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കമ്പനികളുടെ അറിയിപ്പ്.