ദുബായ്: കൊവിഡ് മഹാമാരിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന ബിസിനസ് രംഗത്തിനും ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കും ഉണര്‍വേകാന്‍ 150 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെയാണ് പുതിയ പാക്കേജ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കൊവിഡ് വ്യാപനത്തിന് ശേഷം ദുബായ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പാക്കേജാണിത്. ഹോട്ടല്‍ റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മുന്‍സിപ്പാലിറ്റിയില്‍ അടയ്‌ക്കേണ്ട ഫീസിന് നല്‍കിയ ആനുകൂല്യം ഈ വര്‍ഷം അവസാനം വരെ തുടരും. ഏഴ് ശതമാനത്തില്‍ നിന്ന് 3.5 ശതമാനമായാണ് ഫീസ് ഇളവ് നല്‍കിയിരിക്കുന്നത്. ആനുകൂല്യം ജൂണ്‍ വരെ നീട്ടി നല്‍കാനായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്.

സ്ഥാപനങ്ങളെയും സംരംഭങ്ങളെയും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അവരുടെ ചെലവ് കുറയ്ക്കാനാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും ശൈഖ് ഹംദാന്‍ അറിയിച്ചു. ബിസിനസ് രംഗത്തെ എത്രയും വേഗം സാധാരണ നിലയിലാക്കാനാണ് ശ്രമം. ഇതിനായി വേണ്ട പിന്തുണകള്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കരാറുകാര്‍ക്ക് നല്‍കാനുള്ള തുക അതിവേഗം നല്‍കാനും ദുബായ് മുന്‍സിപ്പാലിറ്റി തീരുമാനമെടുത്തു.

കസ്റ്റംസുമായി ബന്ധപ്പെട്ട ഫീസിളവും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസിളവും തുടരും. സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസിളവ് ഈ വര്‍ഷം അവസാനം വരെ നീട്ടി. മാര്‍ക്കറ്റ് ഫീസ് റദ്ദ് ചെയ്തതും തുടരും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് പാക്കേജുകളിലായി ആകെ 630 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക സഹായമാണ് ദുബായ് പ്രഖ്യാപിച്ചിട്ടുള്ളത്.