ദുബൈ സര്‍ക്കാരിന്‍റെ മാനവവിഭവ ശേഷി വകുപ്പാണ് ജീവനക്കാര്‍ക്ക് ഫ്ലെക്സിബിൾ ജോലി സമയം പ്രഖ്യാപിച്ചത്. 

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്ലെക്സിബിള്‍ ജോലി സമയം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ വേനല്‍ക്കാലത്തേക്കാണ് ജോലി സമയം പുഃനക്രമീകരിച്ചത്. കൊടും ചൂട് അനുഭവപ്പെടുന്ന ജൂലൈ 1 മുതല്‍ സെപ്തംബര്‍ 12 വരെ ഈ ജോലി സമയം തുടരും.

ദുബൈ സര്‍ക്കാരിന്‍റെ മാനവവിഭവ ശേഷി വകുപ്പാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജീവനക്കാരെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ജോലി സമയം പുഃനക്രമീകരിച്ചത്. ഒരു വിഭാഗം ജീവനക്കാര്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ട് മണിക്കൂറാണ് ജോലി സമയം. ഇവര്‍ക്ക് വെള്ളിയാഴ്ച മുഴുവന്‍ അവധി ലഭിക്കും. രണ്ടാമത്തെ ഗ്രൂപ്പിന് തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴ് മണിക്കൂറാണ് ജോലി സമയം. വെള്ളിയാഴ്ച നാലര മണിക്കൂര്‍ ജോലി ചെയ്യണം. അതത് സര്‍ക്കാര്‍ വകുപ്പ് നിശ്ചയിക്കുന്നവര്‍ക്കാണ് ഫ്ലക്സിബിള്‍ ജോലി സമയം തെരഞ്ഞെടുക്കാനാകുക.

വേനല്‍ കടുത്തതോടെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ ദിവസം മുതൽ യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 15 വരെ തുടരും. നിയമം ലംഘിച്ച് ജോലി ചെയ്യിപ്പിക്കുന്ന കമ്പനി ഉടമയ്ക്ക് ഓരോ തൊഴിലാളിക്കും 5000 ദിർഹം എന്ന തോതിൽ പരമാവധി അര ലക്ഷം ദിർഹം പിഴ ചുമത്തും.