ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് ദുബൈയില്‍ നിന്ന് നീരജ് നാട്ടിലെത്തിയത്. ഭാര്യയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത ശേഷം അവധി ആഘോഷിക്കാനായാണ് പഹല്‍ഗാമിലേക്ക് പോയത്.
ദുബൈ: ജമ്മു കാശ്മീരിലെ ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രവാസിയും. ദുബൈയില്‍ താമസിക്കുന്ന രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി നീരജ് ഉദ്വാനിയാണ് (33) ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ദുബൈയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു നീരജ്. ഭാര്യ ആയുഷിക്കൊപ്പം പഹല്‍ഗാമില്‍ അവധിക്കാലം ചെലവിടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഷിംലയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് നീരജ് ദുബൈയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ദുബൈയിലുള്ള ചില സുഹൃത്തുക്കളും ഇദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത ശേഷം സുഹൃത്തുക്കള്‍ മടങ്ങിയപ്പോള്‍ നീരജും ഭാര്യയും പഹല്‍ഗാമില്‍ അവധി ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജയ്പൂര്‍ സ്വദേശിയായ നീരജ് ചെറുപ്പം മുതല്‍ ദുബൈയിലാണ് താമസിച്ചിരുന്നത്. ദുബൈയിലെ ഇന്ത്യൻ ഹൈ സ്കൂളില്‍ പഠിച്ച ഇദ്ദേഹം പിന്നീട് യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാനില്‍ നിന്ന് ബിരുദം സ്വന്തമാക്കി. നേരത്തെ ഒരു സ്കൂള്‍ ഗ്രൂപ്പില്‍ ധനകാര്യ പ്രൊഫഷണലായി ജോലി ചെയ്തിരുന്നു. 2023 ഫെബ്രുവരിയിലാണ് നീരജിന്‍റെയും ആയുഷിയുടെയും വിവാഹം നടന്നത്.
Read Also - തോക്കുമായി നടന്ന് നീങ്ങുന്ന ഭീകരര്‍, പിന്നാലെ വെടിയൊച്ച; പഹൽഗാം ആക്രമണത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഭീകരാക്രമണം നടക്കുമ്പോള്‍ ആയുഷി ഹോട്ടല്‍ മുറിയില്‍ ആയിരുന്നെന്ന് നീരജിന്‍റെ ബന്ധു പ്രകാശ് ഉദ്വാനിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരം പൊലീസാണ് ആയുഷിയെ അറിയിച്ചത്. 26 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ കിട്ടുമെന്നും നരേന്ദ്രമോദി പറഞ്ഞു. അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത തിരിച്ചടി നൽകുമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ മധുബനിയിൽ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലാണ് മോദിയുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ കൂടെ നില്‍ക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഇന്ത്യയുടെ കൂടെ നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
