ദുബായ്: സൗഹൃദങ്ങളിൽ വേദന പടര്‍ത്തി ഇന്ത്യൻ മോഡലിന്റെ അവസാന ഇൻസ്റ്റഗ്രാം കുറിപ്പ്. ഒമാനിൽ പെരുന്നാൾ ആഘോഷിച്ച് ദുബായിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തിൽ മരിച്ച ഇന്ത്യൻ മോഡൽ പങ്കുവച്ച അവസാന ചിത്രങ്ങളിലൊന്നിൽ എഴുതിയ കുറിപ്പാണ് സുഹൃത്തുക്കൾക്ക് തീരാവേദനയായത്. "വീട്ടിലേക്ക് മടങ്ങാൻ സമയമായി" എന്നാണ് അവര്‍ ചിത്രത്തിൽ എഴുതിയത്. റോഷ്നി ദുബായിലേക്ക് മടങ്ങുന്ന കാര്യമാവും സൂചിപ്പിച്ചിരിക്കുകയെന്ന് സുഹൃത്തുക്കൾ പറയുന്നു.

പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു 22 കാരിയായ റോഷ്നി. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്നി പങ്കെടുത്തിട്ടുണ്ട്. സോഷ്യൽമീഡിയിൽ ഏറെ ആരാധകരുള്ള റോഷ്നിയുടെ മരണത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് നിരവധിയാളുകളാണ് എത്തിയത്.

ശനിയാഴ്ച്ച വൈകുന്നേരം 7.45-ഓടെ ദുബായിലെ ജെബല്‍ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നിയുടെ മൃതദേഹം സംസ്കരിച്ചത്. നാട്ടിൽനിന്ന് പിതാവും സഹോദരനും എത്തിയാണ് റോഷ്നിയുടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയത്. 

ഒമാന്‍ സര്‍ക്കാരിന്‍റെ യാത്രാബസ്, റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്.

അപകടത്തിൽ മരിച്ച 17 പേരിൽ 12 പേരും ഇന്ത്യക്കാരാണ്. ഇതിൽ 8 പേര്‍ മലയാളികളാണ്. തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍. തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, വാസുദേവന്‍ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതുയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.