Asianet News MalayalamAsianet News Malayalam

ദുബായ് ബസ് അപകടം; ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചു, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 37 ലക്ഷം ബ്ലഡ് മണി

അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ തെറ്റായ പ്രവൃത്തി അപകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് 53കാരനായ ഒമാനി പൗരന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

dubai bus crash driver sentenced for seven years by uae court
Author
Dubai - United Arab Emirates, First Published Jul 11, 2019, 12:43 PM IST
  • Facebook
  • Twitter
  • Whatsapp

ദുബായ്: കഴിഞ്ഞ ചെറിയ പെരുന്നാള്‍ അവധിക്കാലത്ത് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ യുഎഇ കോടതി വിധി പറഞ്ഞു. ബസ് ഓടിച്ചിരുന്ന ഒമാനി പൗരന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനുപുറമെ മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം (ഏകദേശം 37 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബ്ലഡ് മണി നല്‍കണമെന്നും കോടതി വിധിയിലുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഡ്രൈവറെ യുഎഇയില്‍ നിന്ന് നാടുകടത്തും.

അപകടത്തിന് കാരണമായത് തന്റെ പിഴവാണെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. തന്റെ തെറ്റായ പ്രവൃത്തി അപകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് 53കാരനായ ഒമാനി പൗരന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ജിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച സ്റ്റീല്‍ തൂണാണ് അപകടം വരുത്തിവെച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വ്യാഴാഴ്ച രാവിലെ ശിക്ഷ വിധിക്കുകയായിരുന്നു.
dubai bus crash driver sentenced for seven years by uae court

ഒമാനിൽ നിന്ന് ദുബായിലേക്ക് വരികയായിരുന്ന ബസാണ് ജൂണ്‍ ആറിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. 30യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.  പെരുന്നാള്‍ ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരായിരുന്നു ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരും. മരണപ്പെട്ട 17 പേരില്‍ മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര്‍ സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
dubai bus crash driver sentenced for seven years by uae court

ബസ് ഓടിച്ചിരുന്ന 53കാരനായ ഒമാനി പൗരനെതിരായ കേസ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി  കോടതിക്ക് കൈമാറി.  17 പേരുടെ മരണത്തിനും 13 പേരുടെ പരിക്കുകള്‍ക്കും കാരണമായ അപകടമുണ്ടാക്കിയതിനുള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഡ്രൈവര്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കണമെന്നും നഷ്ടപരിഹാരവും ബ്ലഡ് മണിയും നല്‍കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ആദ്യം ഡ്രൈവര്‍ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് കഴിഞ്ഞ ദിവസം സ്റ്റീല്‍ തൂണ് സ്ഥാപിച്ചതിലെ പിഴവാണ് കാരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.
dubai bus crash driver sentenced for seven years by uae court

റോഡിലെ വേഗ പരിധി 60 കിലോമീറ്ററാണെങ്കില്‍ ഇത്തരം തൂണുകള്‍ ഉണ്ടെന്ന് കാണിക്കുന്ന ബോര്‍ഡ് 60 മീറ്റര്‍ അകലെ സ്ഥാപിച്ചിരിക്കണമെന്നാണ് ജിസിസി ചട്ടമെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ദുബായില്‍ അപകടം നടന്ന സ്ഥലത്തിന് 12 മീറ്റര്‍ മാത്രം അകലെയാണ് മുന്നറിയിപ്പ് ബോര്‍ഡുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ഇത്തരം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടോ സമാന സ്വഭാവത്തിലുള്ള വസ്തുക്കള്‍ കൊണ്ടോ ആയിരിക്കണമെന്നും സ്റ്റീല്‍ കൊണ്ടാവാന്‍ പാടില്ലെന്നുമാണ് ചട്ടം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റിയില്‍ നിന്നുള്ള വിദഗ്ധരുടെ സംഘത്തെ നിയോഗിച്ച് അപകട സ്ഥലവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
dubai bus crash driver sentenced for seven years by uae court

അതേസമയം റോഡില്‍ രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൂണ്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് 342 മീറ്റര്‍ അകലെത്തന്നെ ആദ്യ ബോര്‍ഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. വാഹനങ്ങളുടെ ഉയരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തൂണിന് തൊട്ടടുത്ത് മറ്റൊരു ബോര്‍ഡ് കൂടി സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് വാദങ്ങള്‍ പൂര്‍ത്തിയാക്കി കോടതി വ്യാഴാഴ്ച രാവിലെ വിധി പറയുകയായിരുന്നു. ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ നല്‍കിയതിന് പുറമെ അപകടത്തില്‍ മരണപ്പെട്ട ഓരോരുത്തരുടെയും ആശ്രിതര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം വീതം ബ്ലഡ് മണി നല്‍കണമെന്നും വിധിയിലുണ്ട്.

Follow Us:
Download App:
  • android
  • ios