Asianet News MalayalamAsianet News Malayalam

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ദുബായ് കോടതി ഉത്തരവ്

വായ്പാ കരാര്‍ ബി ആര്‍ ഷെട്ടി തന്നെ ഒപ്പിട്ട രണ്ട് ചെക്കുകളുടെ ഉറപ്പിന്മേലാണ് നല്‍കിയിരുന്നതെന്നാണ് ബാങ്കിന്റെ അവകാശവാദം. ഇതില്‍ ഒരെണ്ണം ബി ആര്‍ ഷെട്ടിയുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും മറ്റൊന്ന് എന്‍എംസി ട്രേഡിങിന്‍റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്നതുമാണ്.

Dubai court issues order to freeze B. R. Shetty's assets
Author
Dubai - United Arab Emirates, First Published Jul 26, 2020, 12:19 PM IST

ദുബായ്: സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം നടക്കുന്നതിനിടെ യുഎഇ വിട്ട എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രമുഖ പ്രവാസി ഇന്ത്യന്‍ വ്യവസായിയുമായ ബി ആര്‍ ഷെട്ടിയുടെ വിവിധ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ദുബായ് കോടതി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ കോടതിയില്‍ ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ ദുബായ് ശാഖ നല്‍കിയ വായ്പാ തട്ടിപ്പ് പരാതിയിലാണ് ഉത്തരവ്.

വായ്പ നല്‍കിയ 80 ലക്ഷം ഡോളറിലധികം തിരികെ ലഭിക്കാനുണ്ടെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്ക് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. 2013ല്‍ തയ്യാറാക്കുകയും കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുതുക്കുകയും ചെയ്ത കരാര്‍ പ്രകാരം നല്‍കിയ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന്‍റെ പരാതി.

വ്യാപാര, ചരക്ക് ‌സാധനങ്ങളുടെ ക്രയവിക്രയങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ആസ്റ്റര്‍ഡാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് യൂറോപ്പ് ബാങ്കിന് ഒമ്പത് രാജ്യങ്ങളില്‍ ശാഖകളുണ്ട്. വായ്പാ കരാര്‍ ബി ആര്‍ ഷെട്ടി തന്നെ ഒപ്പിട്ട രണ്ട് ചെക്കുകളുടെ ഉറപ്പിന്മേലാണ് നല്‍കിയിരുന്നതെന്നാണ് ബാങ്കിന്റെ അവകാശവാദം. ഇതില്‍ ഒരെണ്ണം ബി ആര്‍ ഷെട്ടിയുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നും മറ്റൊന്ന് എന്‍എംസി ട്രേഡിങിന്‍റെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്നതുമാണ്. എന്നാല്‍ ആവശ്യമായ പണം ഈ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നില്ല.  ഇതോടെയാണ് ബാങ്ക് പരാതിയുമായി രംഗത്തെത്തിയത്.

അബുദാബിയിലെയും ദുബായിലെയും ആസ്തികള്‍, എന്‍എംസി ഹെല്‍ത്ത്, ഫിനാബ്ലര്‍, ബി ആര്‍ എസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്‌സ് എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികള്‍ എന്നിവയാണ് മരവിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios