പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ട്രക്കിന്റെ ടാങ്ക് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഒരാൾക്ക് പരിക്കേറ്റു.

മസ്‌കറ്റ്: ഒമാനിലെ നിസ്വ ഗവർണറേറ്റിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ട്രക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ചയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഈ ദാരുണമായ സംഭവത്തിന്‍റെ വിവരം പുറത്തുവിട്ടത്. വടക്കൻ ഗവർണറേറ്റായ നിസ്വയിലെ ഒരു പെട്രോൾ പമ്പിലായിരുന്നു സംഭവം ഉണ്ടായത്. ട്രക്കിന്റെ ടാങ്ക് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ അത്യാഹിത വിഭാഗം ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് ആവശ്യമായ ചികിത്സ നൽകി വരികയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങളും അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. പമ്പിൽ ഇന്ധനം നിറയ്ക്കാൻ ട്രക്ക് നിർത്തിയതിന് പിന്നാലെ വലിയ ശബ്ദത്തോടെ സ്ഫോടനം നടക്കുന്നത് വീഡിയോയിൽ കാണാം. വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ഓപ്പറേഷൻസ് സെന്റർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.