ദുബായ്: സിം കാര്‍ഡ് ഉപയോഗിച്ച് വന്‍തുക തട്ടിയെടുത്ത കേസില്‍ നഷ്ടമായ പണം ബാങ്ക് നല്‍കണമെന്ന് ദുബായ് കോടതി. 4.7 ദശലക്ഷം ദിര്‍ഹം തട്ടിപ്പിന്‍റെ ഉത്തരവാദി പ്രാദേശിക ബാങ്കാണെന്ന് കോടതി കണ്ടെത്തി.

2017 മുതല്‍ തുടരുന്ന കേസില്‍ ഉപഭോക്താവിന്‍റെ അക്കൗണ്ടില്‍ നിന്നും പണം മോഷ്ടിക്കപ്പെട്ട ശേഷം അയാളുടെ അറിവില്ലാതെ ബാങ്ക് ഈ അക്കൗണ്ട് ക്ലോസ് ചെയ്യുകയായിരുന്നു. കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ ഉപഭോക്താവിന് ഒമ്പ്ത് ശതമാനം പലിശയടക്കം 4.7 ദശലക്ഷം ദിര്‍ഹം ബാങ്ക് നല്‍കണമെന്ന് ദുബായ് കോടതി ഉത്തരവിട്ടതായി യുകെ ആസ്ഥാനമായുള്ള നിയമസ്ഥാപനമായ ചാള്‍സ് റസ്സല്‍ സ്പീച്ച്ലൈസിന്‍റെ മിഡില്‍ ഈസ്റ്റിലെ നിയമ മേധാവി ഗസ്സന്‍ എല്‍ദേയ് പറഞ്ഞു. 

ഈ വിധി എല്ലാ ബാങ്കുകള്‍ക്കും ടെലികോം ദാതാക്കള്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തലാണെന്നും കര്‍ശനമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും എല്‍ദേയ് പറഞ്ഞു. കര്‍ശന സുരക്ഷാ നടപടികള്‍ നടപ്പാക്കുക, നിരന്തരമായ നിരീക്ഷണം നടത്തുക, പിന്‍ നമ്പരുകള്‍ നവീകരിക്കുക, എന്നിവ ഉള്‍പ്പെടെ ബാങ്കുകള്‍ക്കും ടെലികോം ദാതാക്കള്‍ക്കുമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും വിധിയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.