ഏകദേശം 3.07 മില്ല്യൺ ദിർഹത്തോളം ശമ്പളം കമ്പനി ആശുപത്രി ജീവനക്കാർക്ക് നൽകാനുണ്ട്

ദുബൈ: യുഎഇയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബൈ കോടതി. ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈ സിറ്റി വാക്കിലുള്ള ഒരു സ്വകാര്യ ആശുപത്രിയാണ് അവിടുത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം നൽകാനുള്ളത്. ഇവർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക ഈടാക്കുന്നതിനായാണ് ആശുപത്രിയിലുള്ള മെഡിക്കൽ സാമ​ഗ്രികൾ ലേലത്തിൽ വിൽക്കാൻ കോടതി അറിയിച്ചത്.

ആശുപത്രിയിലെ ജീവനക്കാർ ചേർന്നാണ് ശമ്പള പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പരാതി നൽകിയത്. ഏകദേശം 3.07 മില്ല്യൺ ദിർഹത്തോളം ശമ്പളം കമ്പനി ആശുപത്രി ജീവനക്കാർക്ക് നൽകാനുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി ആശുപത്രിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ശേഷം വിൽപ്പനയ്ക്ക് വെക്കാനും കോടതി ഉത്തരവിടുകയായിരുന്നു. ജീവനക്കാർക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദ്യം കമ്പനിക്ക് കോടതി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടതോടെയാണ് കോടതി തുടർ നടപടികളിലേക്ക് കടന്നത്.

2024ൽ കോടതി നിയമിച്ച ഒരു ഉദ്യോ​ഗസ്ഥനെത്തി ലേലത്തിൽ വിൽക്കാനുള്ള ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ പട്ടികപ്പെടുത്തിയിരുന്നു. എക്സ് റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസേർസ്, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങൾ, കിടക്കകൾ തുടങ്ങി 16.65 ദശലക്ഷം ദിർഹം വിലമതിക്കുന്ന ഉപകരണങ്ങളാണ് പട്ടികപ്പെടുത്തിയിരുന്നത്. ജൂലൈ 8ന് റാസ്അൽഖോറിൽ നടക്കുന്ന എമിറേറ്റ്സ് ലേലത്തിലാണ് ഉപകരണങ്ങൾ ലേലത്തിൽ വെക്കുന്നതെന്ന് ഒരു പ്രദേശിക പത്രത്തിൽ പ്രസ്താവനയിറക്കി. സാമ​ഗ്രികൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് കമ്പനിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും പങ്കെടുക്കാവുന്നതാണ്.