ഏഷ്യക്കാരനായ പ്രവാസി കാറുകളില്‍ ഒളിഞ്ഞുനോക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ജനങ്ങളില്‍ ഭീതി പരത്തിയെന്ന് ദുബായ് പൊലീസ് മീഡിയ സെക്ഷന്‍ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിമി പറഞ്ഞു. 

ദുബായ്: സംശയകരമായ നിലയില്‍ കാറുകളില്‍ ഒളിഞ്ഞുനോക്കിയയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ജുമൈറയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇയാള്‍ ഒളിഞ്ഞുനോക്കുന്ന വീഡിയോ ദൃശ്യങ്ങല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

ഏഷ്യക്കാരനായ പ്രവാസി കാറുകളില്‍ ഒളിഞ്ഞുനോക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ജനങ്ങളില്‍ ഭീതി പരത്തിയെന്ന് ദുബായ് പൊലീസ് മീഡിയ സെക്ഷന്‍ ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിമി പറഞ്ഞു. ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ക്കെതിരെ നേരത്തെ ഒളിച്ചോടിയതിനും കേസുണ്ട്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

പൊതുജനങ്ങള്‍ക്കിടയില്‍ സുരക്ഷയെക്കുറിച്ച് ആശങ്ക ജനിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് നിയമപരമായി കുറ്റകരമാണെന്ന് അല്‍ ഖാസിമി പറഞ്ഞു. സംശയകരമായ എന്തെങ്കിലും കാണുന്നവര്‍ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളാണെങ്കില്‍ 999 എന്ന നമ്പറിലും മറ്റ് കാര്യങ്ങള്‍ 901 എന്ന നമ്പറിലും അറിയിക്കണം. കാറിലെ ഒളിഞ്ഞുനോട്ടക്കാരന്റെ വീഡിയോ വൈറലായതോടെ ഇയാള്‍ സ്ത്രീകളെ ലക്ഷ്യം വെയ്ക്കുന്ന ആളാണെന്നും പണം ആവശ്യപ്പെട്ടുവെന്നുമൊക്കെയുള്ള നിരവധി അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു.