ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനും വഞ്ചനയ്‍ക്കുമാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്. 

ദുബൈ: ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ട പ്രവാസിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍ (Dubai Criminal Court) വിചാരണ തുടങ്ങി. 42 വയസുകാരനായ ഇയാള്‍ ദുബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ രേഖകളുണ്ടാക്കിയത്. ഡോക്ടറുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനും അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ നിന്ന് 80,000 ദിര്‍ഹം മോഷ്‍ടിക്കാനുമായിരുന്നു പദ്ധതി.

ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനും വഞ്ചനയ്‍ക്കുമാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ഡോക്ടറുടെ രേഖകള്‍ മോഷ്‍ടിച്ച ശേഷം അതില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച് ബാങ്കില്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷയിലെ വിവരങ്ങള്‍ തെറ്റാണെന്നും രേഖകള്‍ വ്യാജമാണെന്നും ബാങ്ക് ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നുള്ള സാലറി ട്രാന്‍സ്‍ഫര്‍ സര്‍ട്ടിഫിക്കറ്റ് വരെ ഇയാള്‍ വ്യാജമായി ഉണ്ടാക്കിയിരുന്നു.