ദുബൈ: ലിഫ്റ്റില്‍ വെച്ച് യുവതിയുടെ ശരീരത്തില്‍ അപമര്യാദയായി സ്‍പര്‍ശിച്ച യുവാവിനെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. പിടിക്കപ്പെട്ടപ്പോള്‍ താന്‍ യുവതിയെ പ്രണയിക്കുകയാണെന്നും വിവാഹം കഴിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.

30 വയസുകാരിയായ ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഫ്ലാറ്റിലേക്ക് നടന്നുവരവെ യുവാവ് പരാതിക്കാരിയെ സമീപിച്ചു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി മുഖം കൊടുക്കാതെ നടന്നകന്നു. ഇതോടെ ഇയാള്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ലിഫ്റ്റില്‍ കയറിയപ്പോള്‍ പിന്നാലെ ചെന്ന് ശരീരത്തിന്റെ പിന്‍ഭാഗത്ത് ഇയാള്‍ സ്‍പര്‍ശിച്ചു. 

ലിഫ്റ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തിയപ്പോള്‍ യുവതി രക്ഷപെട്ട് സ്വന്തം ഫ്ലാറ്റില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് ദുബൈ പൊലീസില്‍ പരാതി നല്‍കി. കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. 25കാരനായ പാകിസ്ഥാന്‍ സ്വദേശിയാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. കേസില്‍ ഒക്ടോബര്‍ 19ന് വിധി പറയും.