Asianet News MalayalamAsianet News Malayalam

സ്ത്രീകളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി നിരവധി യുവാക്കളെ കബളിപ്പിച്ച പ്രവാസി യുഎഇയില്‍ പിടിയില്‍

പ്രമുഖ കമ്പനയില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന ഇയാള്‍ ഇതിന് പുറമെയാണ് നിരവധി യുവാക്കളെ കബളിപ്പിച്ച് അവരില്‍ നിന്ന് സമ്മാനങ്ങളും പണവും കൈക്കലാക്കിയിരുന്നത്

Dubai expat poses as women on social media to get cash from youths
Author
Dubai - United Arab Emirates, First Published Apr 24, 2019, 1:08 PM IST

സാമൂഹിക മാധ്യമങ്ങളില്‍ നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അന്‍പതിലധികം യുവാക്കളെ കബളിപ്പിച്ചയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പല പേരുകളില്‍ അഞ്ചോളം വ്യാജ അക്കൗണ്ടുകളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്.

പ്രമുഖ കമ്പനയില്‍ ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന ഇയാള്‍ ഇതിന് പുറമെയാണ് നിരവധി യുവാക്കളെ കബളിപ്പിച്ച് അവരില്‍ നിന്ന് സമ്മാനങ്ങളും പണവും കൈക്കലാക്കിയിരുന്നതെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലീം അല്‍ ജല്ലാഫ് പറഞ്ഞു. യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു യുവാക്കളെ കുടുക്കിയത്. സൗഹൃദം സ്ഥാപിക്കാനെത്തിയവരില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും സ്വന്തമാക്കി.

തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ആരോ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ട ഒരു യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.  വ്യാജ അക്കൗണ്ടിലെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഇയാള്‍ക്ക് വേറെയും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. രണ്ട് വര്‍ഷത്തിലേറെയായി ഇയാള്‍ ഇവ ഉപയോഗിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു. യുവാക്കളെ വശീകരിക്കുന്ന തരത്തില്‍ പോസ്റ്റുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുമായിരുന്നു. സൗഹൃദം സ്ഥാപിക്കുനെത്തുന്നവര്‍ക്ക് അക്കൗണ്ട് നമ്പര്‍ നല്‍കി പണം വാങ്ങുകയും ചെയ്തു. തട്ടിപ്പ് ബോധ്യമായതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റുള്ളവരുടെ ചിത്രങ്ങളോ വിവരങ്ങളോ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ പൊലീസിനെ അറിയിക്കണമെന്ന് ദുബായ് പൊലീസ് അഭ്യര്‍ത്ഥിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ അറിയിക്കാന്‍ ജനങ്ങള്‍ മടിക്കരുതെന്നും ഇ-ക്രൈം പ്ലാറ്റ് ഫോം വഴി 24 മണിക്കൂറും പൊലീസ് സഹായം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios