ദുബൈ: ദുബൈയില്‍ സ്വന്തം രാജ്യക്കാരനായ സഹതാമസക്കാരനെ അതിക്രമിച്ച നേപ്പാള്‍ സ്വദേശിക്കെതിരെ കുറ്റം ചുമത്തി. ഹോര്‍ അല്‍ അനസ് ഏരിയയിലെ ഒരു താമസസ്ഥലത്താണ് സംഭവം ഉണ്ടായത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പുലര്‍ച്ചെ 2.30 മണിക്ക് തന്റെ റൂംമേറ്റ് മദ്യലഹരിയിലെത്തി ഉച്ചത്തില്‍ പാട്ട് വെച്ചതായി 35കാരനായ നേപ്പാള്‍ സ്വദേശി സെയില്‍സ്മാന്‍ ദുബൈ പ്രാഥമിക കോടതിയില്‍ പറഞ്ഞു. സമയം ഏറെ വൈകിയതിനാല്‍ ഇയാളോട് ഉറങ്ങാന്‍ പറഞ്ഞെങ്കിലും റൂംമേറ്റ് ഇത് അനുസരിച്ചില്ല. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ റൂംമേറ്റ് തന്നെ ബെഡിലേക്ക് വലിച്ചിട്ട ശേഷം മുഖത്ത് ഇടിക്കുകയായിരുന്നെന്ന് നേപ്പാളി യുവാവ് പറഞ്ഞു. ഇടത് കണ്ണിന് ഇടിയേറ്റ് രക്തം വാര്‍ന്നതോടെ മറ്റ് തൊഴിലാളികളെത്തുകയും പ്രതിയെ നിയന്ത്രിക്കുകയുമായിരുന്നു.

ശേഷം ഇവര്‍ ആംബുലന്‍സ് വിളിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ യുവാവിന് അഞ്ചു ശതമാനം വൈകല്യം ഉണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശാരീരിക അതിക്രമത്തിന് നേപ്പാള്‍ സ്വദേശിയായ പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഡിസംബര്‍ ഏഴിനാണ് കേസില്‍ വിധി പറയുകയെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.