Asianet News MalayalamAsianet News Malayalam

മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു

ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വീസാ കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബൈയുടെ അറിയിപ്പ്. 

dubai extends expiry dates of residence visas for stranded expats says flydubai
Author
Dubai - United Arab Emirates, First Published Aug 23, 2021, 8:33 PM IST

ദുബൈ: കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. 

ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വീസാ കാലാവധി ദീര്‍ഘിപ്പിച്ചതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഫ്ലൈ ദുബൈയുടെ അറിയിപ്പ്. 2021 ഏപ്രില്‍ 20നും നവംബര്‍ ഒന്‍പതിനും ഇടയിലുള്ള ദിവസങ്ങളില്‍ വീസാ കാലാവധി അവസാനിക്കുന്നവര്‍ക്ക് നവംബര്‍ 10 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുക. നേരത്തെ നിലനിന്നിരുന്ന വിമാന യാത്രാ വിലക്ക് കാരണം ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോഴും തിരിച്ചെത്താനാവാതെ സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. 

ദുബൈയില്‍ ഇഷ്യു ചെയ്‍ത വിസയുള്ളവര്‍ 2020 ഒക്ടോബര്‍ 20ന് മുമ്പ് യുഎഇയില്‍ നിന്ന് പുറത്തുപോവുകയും ആറ് മാസത്തിലധികം യുഎഇയിക്ക് പുറത്ത് താമസിക്കുകയും ചെയ്‍തവരുടെ വീസാ കാലാവധി ദീര്‍ഘിപ്പിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ദുബൈയില്‍ ഇഷ്യൂ ചെയ്‍ത വിസയുള്ളവര്‍ക്ക് https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്ക് വഴി വിസയുടെ സാധുത പരിശോധിക്കാം.

Follow Us:
Download App:
  • android
  • ios