ദുബായ്: യുഎഇയില്‍ മോശം കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറൈന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 9090 എന്ന നമ്പറില്‍ ബന്ധപ്പെടണം. 

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച ശക്തമായ മഴ പെയ്തതിന് പിന്നാലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അബുദാബി, ദുബായ്, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും കാലാവസ്ഥാ കേന്ദ്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കായി പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാദികളിലും വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റ് പ്രദേശങ്ങളിലും സഞ്ചരിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. വാഹനം ഓടിക്കുമ്പോള്‍ ഫോട്ടോകള്‍ എടുക്കാനോ വീഡിയോ ചിത്രീകരിക്കാനോ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു.

രാജ്യത്ത് പലയിടങ്ങളിലും ബുധനാഴ്ച രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്കുമുണ്ടായി. ദുബായ് - ഷാര്‍ജ റോഡില്‍ ഉള്‍പ്പെടെ ഏറെ നേരം വാഹനങ്ങള്‍ കുടുങ്ങി. ഗതാഗതം സുഗമമാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മറ്റൊരു വാഹനാപകടം കാരണം ദുബായ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലും ഗതാഗതം തടസപ്പെട്ടു.