കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഖുര്‍ആന്‍ കോപ്പികള്‍ എടുത്ത് മാറ്റാനായി അദ്ദേഹം കെട്ടിടത്തിന് അകത്തേക്ക് കയറുകയായിരുന്നു.
ദുബൈ: ദുബൈയിലെ അല്‍ അവീറില്‍ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ കോര്‍പറല്‍ ഒമര്‍ അല്‍ കെത്ബി മരണപ്പെട്ടതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഖുര്‍ആന്‍ കോപ്പികള്‍ എടുത്ത് മാറ്റാനായി അദ്ദേഹം കെട്ടിടത്തിന് അകത്തേക്ക് കയറുകയായിരുന്നു. ഈ സമയത്താണ് തീപിടിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം പൊളിഞ്ഞുവീണതും 29 വയസുകാരനായ ഉദ്യോഗസ്ഥന്റെ ദാരുണാന്ത്യം സംഭവിച്ചതും. ദുബൈ മീഡിയ ഓഫീസിന്റെ ഭാഗമായ ദുബൈ പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ക്ലിപ്പിലാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ മരണത്തെക്കുറിച്ച് സഹപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും പ്രതികരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.32ന് ആണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. 12.38ന് തന്നെ അല്‍ മിസ്‍ഹര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നും നാദ് അല്‍ ഷെബ ഫയര്‍ സ്റ്റേഷനില്‍ നിന്നും അധിക യൂണിറ്റുകളെത്തി. തീ നിയന്ത്രണ വിധേയമാക്കിയ ശേഷം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെ രാത്രി 7.20ഓടെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീഴുകയായിരുന്നു. ഈ അപകടത്തിലാണ് അല്‍ കെത്ബിക്ക് ജീവന്‍ നഷ്ടമായത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ മരണപ്പെട്ട അഗ്നിശമന സേനാ ഉദ്യോഗസ്ഥന്റെ കുടുംബത്തെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈയിലെ ഒന്നാം ഉപഭരണധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനിടെ ജീവന്‍ ബലി നല്‍കേണ്ടിവന്ന അല്‍ കെത്‍ബിയെ രക്തസാക്ഷിയെന്നാണ് ദുബൈ ഭരണാധികാരികള്‍ അനുശോചന സന്ദേശത്തില്‍ വിശേഷിപ്പിച്ചത്.
