ദുബൈ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറന്നുകൊണ്ട് ഇസ്രായേല്‍ ജുവലേഴ്‌സ് അസോസിയേഷന് സ്വാഗതം  ചെയ്ത് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ്. ശക്തമായ വ്യാപാര ബന്ധത്തിന്റെ ഭാഗമായി, ദുബൈയുടെ വ്യവസായ അന്തരീക്ഷവും മത്സരരംഗത്തെ അവസരങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയത്.  

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ഗള്‍ഫ് മേഖലയിലും അന്താരാഷ്ട്ര തലത്തിലും, പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളിലെ പ്രശ്‌നങ്ങളും രണ്ട് സംഘങ്ങളിലെയും ഉന്നത അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന മീറ്റിങില്‍ ചര്‍ച്ച ചെയ്തു. വികസനോത്മുഖമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് സഹായകമായ തരത്തില്‍ രണ്ട് വിഭാഗങ്ങളുടെയും എക്‌സിബിഷനുകളില്‍ പങ്കെടുക്കാന്‍ രണ്ട് പ്രതിനിധിസംഘങ്ങളും സമ്മതിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ, എണ്ണ ഇതര സാമ്പത്തിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള വീക്ഷണത്തിന് ഊന്നല്‍ നല്‍കാനുള്ള ദുബൈയിലെ ശ്രമങ്ങള്‍ക്ക് സുപ്രധാനമായ ഒരു ചുവടുവെപ്പാണിത്.