ആഗോള സ്വർണ്ണ വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്ന ദുബായ്ക്ക് പുതിയ ഊർജ്ജം പകരുന്ന പദ്ധതി.
ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന് ഔദ്യോഗികമായ തുടക്കം. സ്വർണ്ണം, ആഭരണ വിൽപ്പനയിലെ നിർണായകമായ സംരംഭമാണിത്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരമായ ഇത്ര ദുബായ് ആണ് പദ്ധതിക്ക് പിന്നിൽ.
സ്വർണ്ണ വിൽപ്പനയിലെ എല്ലാ മേഖലകളും ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമാണ്. ചില്ലറ വിൽപ്പന, ബുള്ളിയൺ, മൊത്തവ്യാപാരം, നിക്ഷേപം എന്നിവ ഒറ്റ സ്ഥലത്ത് എന്നതാണ് ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ലക്ഷ്യം.

സ്വർണ്ണം, ആഭരണങ്ങൾ, പെർഫ്യൂം, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ആയിരത്തിന് മുകളിൽ റീട്ടെയിൽ സ്ഥാപനങ്ങൾ ഗോൾഡ് ഡിസ്ട്രിക്റ്റിൽ ഉണ്ടാകും. ജവഹര ജൂവൽറി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, അൽ റൊമെയ്സാൻ, തനിഷ്ക് തുടങ്ങിയ ബ്രാൻഡുകൾ ലഭ്യമാണ്. കൂടാതെ ജോയ്ആലുക്കാസ് 24,000 ചതുരശ്രയടിയിൽ പുതിയ ഫ്ലാഗ്ഷിപ് സ്റ്റോറിന് പദ്ധതിയിടുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റോർകൂടെയാണിത്.

ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ പ്രധാനപ്പെട്ട ആകർഷണം ഗോൾഡ് സ്ട്രീറ്റ് ആണ്. സ്വർണ്ണം ഉപയോഗിച്ചു നിർമ്മിച്ച തെരുവ് എന്നാണ് ഇതേക്കുറിച്ച് പദ്ധതിക്ക് പിന്നിലുള്ളവർ വെളിപ്പെടുത്തുന്നത്.

ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ് ഉദ്ഘാടനച്ചടങ്ങിൽ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ് എം.ഡി. മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി, ദുബായ് ചേംബേഴ്സ് സി.ഇ.ഒ മുഹമ്മദ് അലി റഷീദ് ലൂട്ടാ, ദുബായ് ഫ്രീ സോൺസ് കൗൺസിൽ അസിസ്റ്റന്റ് ടു സെക്രട്ടറി ജനറൽ ജുമ അൽ മത്റൂഷി, ഇത്ര ദുബായ് സി.ഇ.ഒ ഇസാം ഗലദാരി എന്നിവർ പങ്കെടുത്തു.

സ്വർണ്ണ വ്യാപാര രംഗത്ത് ആഗോളതലത്തിൽ മുൻപന്തിയിലാണ് യു.എ.ഇ. കഴിഞ്ഞ വർഷം മൊത്തം 53.41 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണ്ണം യു.എ.ഇ കൈകാര്യം ചെയ്തു. സ്വിറ്റ്സർലണ്ട്, യു.കെ, ഇന്ത്യ, ഹോങ്കോങ്, തുർക്കി എന്നിവരായിരുന്നു രാജ്യത്തിന്റെ പ്രധാന പങ്കാളികൾ. നിലവിൽ ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ കച്ചവട കേന്ദ്രമാണ് യു.എ.ഇ.
ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ് ആഗോള സ്വർണ്ണ വാണിജ്യത്തിൽ വലിയ നാഴികക്കല്ലാണെന്ന് ദുബായ് ചേംബേഴ്സ് അദ്ധ്യക്ഷനും സി.ഇ.ഒയുമായ മുഹ്മദ് അലി റഷദ് ലൂട്ടാ പറഞ്ഞു. നിക്ഷേപകർക്കും മറ്റുള്ളവർക്കും ലോകത്തിലെ പ്രധാനപ്പെട്ട സ്വർണ്ണ വ്യാപാര ഹബ്ബുകളിൽ ഒന്നായ ദുബായിൽ പങ്കെടുക്കാനുള്ള അവസരംകൂടെ ഇത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടനത്തോടെ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കമാകുകയാണ്. പാരമ്പര്യം, വലിപ്പം, അവസരം എന്നിവയാണ് ഈ സംരംഭത്തിന്റെ മുഖമുദ്രകൾ. വ്യാപാരികൾ, നിക്ഷേപകർ, റീട്ടെയിലർമാർ, ആഗോള ബ്രാൻഡുകൾ എന്നിവ ഇതിന്റെ ഭാഗമാണ്.” – ഇത്ര ദുബായ് സി.ഇ.ഒ ഇസ്സാം ഗലദാരി പറഞ്ഞു.

“വാണിജ്യം, സംസ്കാരം, ടൂറിസം മേഖലകളിലെ ആഗോള കേന്ദ്രം എന്ന നിലയിലുള്ള ദുബായ് നഗരത്തിന്റെ വികസനത്തിലെ നിർണായക നിമിഷമാണിത്. സന്ദർശകർക്കും സ്വദേശികൾക്കും ഇത് പുതിയ അനുഭവമാകും. സ്വർണ്ണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഈ പുതിയ സംരംഭത്തിലൂടെ നമ്മൾ ആ ചരിത്രം മാത്രമല്ല ആദരിക്കുന്നത് പുതിയ നിർമ്മാണ വൈഭവവും സുസ്ഥിരതയുംകൂടെയാണ്. പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള ബന്ധവും ഇത് കാണിക്കുന്നു. ഇതിലൂടെ ആഗോളതലത്തിൽ മികവനും പുതുമയ്ക്കും ദുബായ് നൽകുന്ന പിന്തുണയും അംഗീകരിക്കപ്പെടുന്നു.” – ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ്സ് സി.ഇ.ഒ അഹമ്മദ് അൽ ഖാജ പറഞ്ഞു.
ആഗോളതലത്തിലും യു.എ.ഇയിലുമുള്ള പ്രമുഖ സ്വർണ്ണ, ജൂവൽറി ബ്രാൻഡുകൾ ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമാകും. ഇതിലൂടെ വൈവിധ്യം, ഗുണമേന്മ, മൂല്യം എന്നിവ ഉപയോക്താക്കൾക്ക് ഉറപ്പാക്കാം.
ആഗോളതലത്തിലെ വൈവിധ്യമാർന്ന ഉപയോക്താക്കളാണ് ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിന്റെ പ്രത്യേകത. 2025-ൽ മാത്രം 147 രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ ദുബായിലേക്ക് എത്തി.
ദുബായ് നഗരത്തിന്റെ റീട്ടെയിൽ, ടൂറിസം മേഖലകൾക്കും ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റ് പിന്തുണ നൽകുന്നുണ്ട്. ആറ് ഹോട്ടലുകളിലായി 1,000-ൽ അധികം അതിഥികൾക്ക് ഇവിടെ തങ്ങാം. ബിഗ് ബസ് സർവീസുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം www.dubaigolddistrict.com
