Asianet News MalayalamAsianet News Malayalam

യുഎഇയിലെ കൊറേണ വൈറസ്; രോഗികളെ പരിശോധിക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ നിര്‍ദേശിച്ച് അധികൃതര്‍

ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ യുഎഇ ഹെല്‍ത്ത് അതോരിറ്റി ഇതിനോടകം നല്‍കിയിട്ടുണ്ട്. പനിയോ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങളോ ഉള്ള ആളുകള്‍ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ പാലിക്കേണ്ട പ്രത്യേക പ്രോട്ടോക്കോള്‍ സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടുള്ളതായി മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്‍പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. ജ്യോതി ഉപാധ്യായ് പറഞ്ഞു.

 

Dubai health authority advised protocol to treat patients with suspected viral infections
Author
Dubai - United Arab Emirates, First Published Jan 29, 2020, 3:31 PM IST

ദുബായ്: യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള സന്നാഹങ്ങള്‍ രാജ്യത്ത് സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധിക്കുന്നവരെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രികളില്‍ സജ്ജമാക്കുകയും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. 

ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ യുഎഇ ഹെല്‍ത്ത് അതോരിറ്റി ഇതിനോടകം നല്‍കിയിട്ടുണ്ട്. പനിയോ വൈറസ് ബാധയുടെ മറ്റ് ലക്ഷണങ്ങളോ ഉള്ള ആളുകള്‍ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ പാലിക്കേണ്ട പ്രത്യേക പ്രോട്ടോക്കോള്‍ സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടുള്ളതായി മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്‍പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. ജ്യോതി ഉപാധ്യായ് പറഞ്ഞു. ഇതനുസരിച്ച് രോഗിയുടെ യാത്രാ വിവരങ്ങളാണ് ആദ്യം ഡോക്ടര്‍മാര്‍ ചോദിച്ചറിയുന്നത്. ഇതിനോടകം കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യത്തേക്ക് പോയിട്ടുണ്ടോയെന്ന് അറിയാനാണിത്. 

പനിയോ വൈറസ് ബാധയോ ഉണ്ടായിരുന്ന ആരുമായെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയോ എന്നും അന്വേഷിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം ഉപയോഗിക്കാനായി ദുബായി ഹെല്‍ത്ത് അതോരിറ്റി പ്രത്യേക കിറ്റ് ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവങ്ങള്‍ ശേഖരിക്കാനുള്ള പ്രത്യേക സ്വാബുകള്‍ ഈ കിറ്റിലുണ്ട്. ഇവ ശേഖരിച്ച് റാഷിദ് ആശുപത്രിയിലേക്ക് അയക്കും. ഇവിടെയാണ് സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കി വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കുന്നത്.

പനിയുള്ളവരുമായി അകലം പാലിക്കണമെന്ന് യുഎഇയിലെ റൈറ്റ് ഹെല്‍ത്ത് മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജയ് പറഞ്ഞു. ആരോഗ്യത്തെ അവഗണിക്കരുത്. പനിയോ പനിയുടെ ലക്ഷണങ്ങളോ കണ്ടാല്‍ ചികിത്സ തേടണം. പനി ബാധിച്ചവര്‍ പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

പനിയോ അസുഖങ്ങളോ ഉള്ളവര്‍ അത് മറ്റുള്ളവരിലേക്ക് കൂടി പകരാതെ ശ്രദ്ധിക്കണം. ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരെ കാണണം. നിര്‍ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. പനിയുള്ളവര്‍ ആളുകള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടിനില്‍ക്കണം. കൈകളുടെ ശുചിത്വം വളരെ പ്രധാനമാണ്. സോപ്പ് ഉപയോഗിച്ച് ശരിയായി കൈകഴുകുന്നത് ശീലമാക്കണം. പൊതുസ്ഥലങ്ങളിലാണെങ്കില്‍ സാനിട്ടൈസറുകള്‍ ഉപയോഗിക്കാം. 

Follow Us:
Download App:
  • android
  • ios